k-sudhakaran

ബി.ആര്‍.അംബേദ്ക്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ രാജ്യവ്യാപകമായി ഉയര്‍ന്ന വമ്പിച്ച ജനരോഷത്തെ മറികടക്കാനാണ് ബിജെപി പാര്‍ലമെന്റില്‍ അക്രമവും കള്ളക്കേസും വ്യാജപ്രചരണവും നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഇതിനെതിരേ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാ സഖ്യനേതാക്കള്‍ക്കെതിരെ ബിജെപി എംപിമാര്‍ നടത്തിയ അതിക്രമങ്ങളും ശാരീരികാക്രമണങ്ങളും പാര്‍ലമെന്റ് ചരിത്രത്തിലെ കറുത്ത പൊട്ടുകളാണ്.

രാജ്യവും ദളിത് വിഭാഗങ്ങളും അപമാനിക്കപ്പെട്ടു. ഭരണഘടനാ ശില്പി ബി.ആര്‍. അംബേദ്ക്കറെ അധിക്ഷേപിച്ചതിലൂടെ ബിജെപിയുടെ ദളിത് വിരുദ്ധ മുഖം വീണ്ടും പ്രകടമായി. കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളെ കായികമായി അക്രമിച്ചും കേസെടുത്തും നിശബ്ദമാക്കാനാണ് ബിജെപി ശ്രമിച്ചത്. ഇതിനെതിരെ കേരളത്തിലും ശക്തമായ പ്രതിഷേധം ഉയരും.

രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും പാത അക്രമത്തിന്റെതല്ല. ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുക മാത്രമാണ് അവര്‍ ചെയ്തത്. ശാരീരിക ആക്രമണവും കള്ളപ്രചാരണവും ബിജെപിയുടെ മുഖമുദ്രയാണ്. സമാധാനമായി പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ കായികമായി കയ്യേറ്റം ചെയ്ത നടപടി ജനാധിപത്യവിരുദ്ധമാണ്. ഇതിനെ ശക്തമായി അപലപിക്കുന്നെന്നും കെ.സുധാകരന്‍ പറഞ്ഞു.