gokulam

ഗോകുലം കേരള 0-രാജസ്ഥാൻ എഫ്.സി 0

കോഴിക്കോട് : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെ ഗോകുലം കേരള എഫ്.സിയും രാജസ്ഥാൻ എഫ്.സിയും തമ്മിൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ലഭിച്ച അവസരങ്ങളൊക്കെയും നഷ്‌ടമാക്കിയ ഗോകുലം ഈ സീസണിലെ നാലാമത്തെ സമനിലയാണ് വഴങ്ങിയത്.

മത്സരത്തിന്റെ 13-ാം മിനിട്ടിൽ തന്നെ ഗോകുലത്തിന്റെ രാഹുൽ രാജു മഞ്ഞക്കാർഡ് കണ്ടിരുന്നു. ആദ്യ പകുതിയിൽ ഗോകുലമാണ് കളി നിയന്ത്രിച്ചതെങ്കിലും സ്കോർ ബോർഡ് ഓപ്പൺ ചെയ്യാനായില്ല. രണ്ടാം പകുതിയിൽ മദ്ധ്യനിരയിൽ പി.പി റിഷാദിനെ മാറ്റി എമിൽ ബെന്നിയെ ഇറക്കിയെങ്കിലും ഗോകുലത്തിന് ഗോളടിക്കാൻ കഴിഞ്ഞില്ല.

സീസണിലെ ആറുമത്സരങ്ങളിൽ ഒരോ വിജയവും തോൽവിയും നാല് സമനിലകളും നേടിയ ഗോകുലം ഏഴുപോയിന്റുമായി പട്ടികയിൽ ഏഴാമതാണ്. ഏഴുപോയിന്റ് തന്നെയുള്ള രാജസ്ഥാൻ ആറാമതും. 13 പോയിന്റുള്ള ചർച്ചിലാണ് ഒന്നാമത്.