
തിരുവനന്തപുരം: ക്രിസ്മസ് അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് വിമാനക്കമ്പനികളും സ്വകാര്യ ബസ് ലോബിയും. സാധാരണക്കാരന് താങ്ങാന്‍ കഴിയുന്നതിന്റെ ഇരട്ടിയില്‍ അധികം തുകയാണ് ടിക്കറ്റ് ഇനത്തില്‍ പിഴിഞ്ഞെടുക്കുന്നത്. ബംഗളൂരു, ചെന്നൈ, മുംബയ്, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. അവധിക്കാലം കണക്കിലെടുത്ത് ഇവിടെ നിന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കുമുള്ള നിരക്കില്‍ 25 ശതമാനം വരെ ചില എയര്‍ലൈനുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
അവധിക്കാലത്ത് ട്രെയിന്‍ ടിക്കറ്റുകള്‍ നേരത്തെ തന്നെ കാലിയായതും ആവശ്യത്തിന് അനുസരിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടാതിരിക്കുകയും ചെയ്യുന്ന സാഹചര്യം പരമാവധി മുതലെടുക്കുകയാണ് എയര്‍ലൈന്‍ കമ്പനികള്‍. 17,000 രൂപ വരെയാണ് നിരക്ക് ഉയര്‍ന്നത്. ഡിസംബര്‍ 21 മുതലുള്ള വിമാന ടിക്കറ്റുകള്‍ക്ക് നിരക്കുയര്‍ന്നിട്ടുണ്ട്. 10,000 രൂപ മുതല്‍ 15,000 രൂപ വരെയാണ് ഇപ്പോള്‍ മിക്ക എയര്‍ലൈനുകളും ഈടാക്കുന്ന ഏകദേശ ടിക്കറ്റ് നിരക്ക്.
നേരത്തെ ഓണം, ദീപാവലി അവധി സീസണുകളിലും ടിക്കറ്റ് നിരക്ക് ഉയര്‍ന്നിരുന്നു. ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത് ബംഗളൂരു മലയാളികളാണ്. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കേരളീയര്‍ ജോലി സംബന്ധമായും വിദ്യാഭ്യാസത്തിനായും ബംഗളൂരുവിനെ ആശ്രയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആവശ്യത്തിന് ഓടാത്തത് വലിയ തിരിച്ചടി സൃഷ്ടിക്കുന്നുണ്ട്. ഓണത്തിന് മുന്നോടിയായി ബംഗളൂരു - കൊച്ചി റൂട്ടില്‍ വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നു.
എന്നാല്‍ ക്രിസ്മസ് അവധിക്കാലത്ത് ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നില്ല. അവധിക്ക് നാട്ടിലേക്ക് വരുന്നവരുടെ കഴുത്തിന് പിടിക്കുന്ന പതിവ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരും തുടരുന്നുണ്ട്. അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിനേക്കാള്‍ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു കഴിഞ്ഞു.