china

ബീജിംഗ്: ചൈനയുടെ ചരിത്രത്തിലെ ഏറ്റലും വലിയ അഴിമതി നടത്തിയ ഉദ്യോഗസ്ഥനുള്ള ശിക്ഷ നടപ്പിലാക്കി. അനധികൃതമായി മൂന്ന് ബില്യണ്‍ യുവാന്‍ ആണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ലീ ജിന്‍ പിംഗ് (64) സമ്പാദിച്ചത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 3500 കോടിയോളം വരും. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഹോഹോട്ട് സാമ്പത്തിക സാങ്കേതികവികസന മേഖലയുടെ മുന്‍ വര്‍ക്കിംഗ് കമ്മിറ്റി സെക്രട്ടറിയായിരുന്നു ലീ.

കുറ്റകൃത്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ തൂക്കിലേറ്റാന്‍ 2022ല്‍ വിധി വന്നിരുന്നു. 2024ല്‍ ഈ വിധി അപ്പീലില്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.സുപ്രീം പീപ്പിള്‍സ് കോടതിയുടെ അംഗീകാരത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച ലീയുടെ വധശിക്ഷ നടപ്പാക്കിയത്. ഇന്നര്‍ മംഗോളിയയിലെ ഒരു കോടതിയാണ് വിധി നടപ്പാക്കിയതെന്ന് സര്‍ക്കാര്‍ നടത്തുന്ന സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ ലീ കുറ്റക്കാരനാണെന്ന് ഇന്റര്‍മീഡിയറ്റ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ചൈനയുടെ ചരിത്രത്തിലെ ഒരു അഴിമതി കേസില്‍ ഉള്‍പ്പെട്ട ഏറ്റവും വലിയ തുക എന്നാണ് രാജ്യത്തെ ഔദ്യോഗിക മാദ്ധ്യമങ്ങള്‍ നേരത്തേ ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. 2012ല്‍ ഷീ ജിന്‍ പിംഗ് രാജ്യത്തെ പ്രസിഡന്റ് ആയി ചുമതല ഏറ്റെടുത്തപ്പോള്‍ തന്നെ അഴിമതിക്കാര്‍ക്ക് താക്കീത് നല്‍കിയിരുന്നു. ഒരു കാരണവശാലും ഒരു അഴിമതിയും വെച്ച്‌പൊറുപ്പിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. അഴിമതി കാണിക്കുന്നവര്‍ കമ്മ്യൂണിസ്റ്റുകാരാണെങ്കിലും ശക്തമായ നടപടിയെന്ന പ്രഖ്യാപിത നയത്തില്‍ നിന്ന് ഒരിക്കലും അദ്ദേഹം പിന്നോട്ട് പോയതുമില്ല.

ഉദ്യോഗസ്ഥതലത്തിലെ അഴിമതി കേസുമായി ബന്ധപ്പെട്ട് രണ്ട് പ്രതിരോധ മന്ത്രിമാരും ഡസന്‍ കണക്കിന് സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടെ പത്തുലക്ഷത്തിലേറെ പാര്‍ട്ടി ഭാരവാഹികളുമാണ് ശിക്ഷിക്കപ്പെടുകയും വിചാരണനേരിടുകയും ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഴിമതിക്കെതിരെ പോരാടാന്‍ ചൈനയിലെ കമ്മ്യൂണിസ്റ്റുകളോട് പ്രസിഡന്റ് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. അതേസമയം നിരന്തരമായ പ്രചാരണങ്ങള്‍ക്കിടയിലും ചൈനയില്‍ അഴിമതിയുടെ പേരില്‍ ശിക്ഷ അനുഭവിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.