
കൊച്ചി: കളമശേരി നഗരസഭയില്‍ വിവിധയിടങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു. 10,11,12,13,14 ഡിവിഷനുകളിലാണ് മഞ്ഞപ്പിത്തം പടരുന്നത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അന്‍പതോളം പേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.
10-ാം ഡിവിഷന്‍ പെരിങ്ങഴയില്‍ രണ്ട് കുട്ടികളുള്‍പ്പെടെ 20 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 11-ാം ഡിവിഷന്‍ പൈപ്പ്‌ലൈന്‍ ഭാഗത്ത് നാലുപേരും 12 എച്ച്.എം.ടി എസ്റ്റേറ്റ് ഡിവിഷനില്‍ 21 പേരും 13 കുറൂപ്രയില്‍ രണ്ടുപേരും ചികിത്സ തേടി. വിട്ടുമാറാത്ത പനി, ഛര്‍ദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മിക്കവരും ആശുപത്രിയിലെത്തിയത്.
വിശദ പരിശോധനയില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ കണക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ജില്ലയിലെമ്പാടും മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം കൂടുതലാണ്. 13 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ കളമശേരിയില്‍ ഉള്ളതിന് പുറമേ 23 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
രോഗബാധ ഹോട്ടലുകളില്‍ നിന്ന്
കാക്കനാട് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ച പലര്‍ക്കും മഞ്ഞപ്പിത്തം പിടിപെട്ടതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ വിഭാഗം ഈ പ്രദേശങ്ങളില്‍ പരിശോധന നടത്തുകയും ഹോട്ടലുകള്‍ക്കു നോട്ടീസ് നല്‍കുകയും ചെയ്തു.
ഹോട്ടലുകള്‍ക്കു പുറമേ ബേക്കറികളിലും ശീതളപാനീയ കടകളിലും പരിശോധന നടത്തിയതായി ആരോഗ്യവിഭാഗം അറിയിച്ചു. ചില കടകള്‍ക്കു ലൈസന്‍സില്ലെന്നും ശുചിത്വം പാലിക്കുന്നില്ലെന്നും കണ്ടെത്തി. ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ തൊഴിലാളികളും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. ശുദ്ധജലത്തിന്റെ സുരക്ഷിതത്വവും മാലിന്യ നിര്‍മാര്‍ജനവും ശരിയായ വിധത്തില്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശം നല്‍കി.
മഞ്ഞപ്പിത്തം-- ലക്ഷണങ്ങള്‍
കണ്ണിന്റെ വെളുത്ത ഭാഗത്ത് മഞ്ഞനിറം
ത്വക്കിന് മഞ്ഞനിറം
വായ്ക്കുള്ളില്‍ മഞ്ഞനിറം
മൂത്രത്തിന്റെ നിറം ഇരുണ്ടതാകും
ചൊറിച്ചില്‍
കുട്ടികളില്‍ പല്ലുകളില്‍ മഞ്ഞ നിറം
കടുത്ത പനി
വിശപ്പില്ലായ്മ
വയറു വേദന
ഭാരം കുറയല്‍
ഛര്‍ദ്ദി