pic

ജോഹന്നസ്ബർഗ് : ഭൂമിയിലെ ഏറ്റവും പ്രായംകൂടിയ മുതലയായ ' ഹെൻറി"ക്ക് 124 വയസ് തികഞ്ഞു. തിങ്കളാഴ്ച ദക്ഷിണാഫ്രിക്കയിലെ സ്കോട്ട്‌ബർഗിലെ ക്രോക്ക് വേൾഡ് കൺസർവേഷൻ സെന്ററിലായിരുന്നു ഹെൻറിയുടെ പിറന്നാൾ ആഘോഷം. കഴിഞ്ഞ മൂന്ന് ദശാബ്ദമായി ഹെൻറി ഇവിടെയാണ്.

700 കിലോഗ്രാം ഭാരവും 16.4 അടി നീളവുമുള്ള ഹെൻറിക്ക് ഒരു മിനി ബസിന്റെയത്ര വലിപ്പമുണ്ട്. ലോകത്തെ ഏറ്റവും പ്രായം കൂടിയ ഉരഗവും നൈൽ ക്രോക്കഡൈൽ സ്പീഷീസിൽപ്പെട്ട ഹെൻറിയാണ്. ബോട്‌സ്വാനയിലെ ഒകാവൻഗോ ഡെൽറ്റയിൽ 1900ത്തിലാണ് ഹെൻറിയുടെ ജനനമെന്ന് കരുതുന്നു. എല്ലാവർഷവുംഡിസംബർ 16നാണ് പിറന്നാൾ ആഘോഷം. ഒരിക്കൽ ബോട്‌സ്വാനയിലെ തദ്ദേശീയരെ വിറപ്പിച്ച ഹെൻറി നൂറുകണക്കിന് മനുഷ്യരെ കൊന്ന് തിന്നതായി പറയപ്പെടുന്നു. ഹെൻറിയുടെ ഇരകളിൽ കൂടുതലും കുട്ടികളായിരുന്നു. ഭീകരനായ ഹെൻറിയെ വകവരുത്താൻ സർ ഹെൻറി ന്യൂമാൻ എന്ന വേട്ടക്കാരന്റെ സഹായം നാട്ടുകാർ തേടി. ഹെൻറിയെ പിടികൂടിയ ന്യൂമാൻ അതിനെ കൊല്ലുന്നതിന് പകരം ഒരു മൃഗശാലയ്ക്ക് കൈമാറുകയാണ് ചെയ്തത്. ന്യൂമാനോടുള്ള ആദര സൂചകമായാണ് ഹെൻറിക്ക് ഈ പേര് ലഭിച്ചത്. ആറ് 'ഭാര്യ"മാരുള്ള ഹെൻറിക്ക് 10,000 ത്തിലേറെ മക്കളുണ്ടെന്ന് അധികൃതർ പറയുന്നു. സബ്-സഹാറൻ ആഫ്രിക്കയിലെ 26 രാജ്യങ്ങളിൽ നൈൽ അക്രമകാരികളായ മുതലകളെ കാണാം.