pic

ലണ്ടൻ : ക്രിസ്മസിന് ഇനി ദിവസങ്ങൾ മാത്രം. വിവിധ നിറങ്ങളിലെ ലൈറ്റുകളും പുൽക്കൂടും ക്രിസ്മസ് ട്രീകളും എങ്ങും നിറഞ്ഞു. ക്രിസ്മസ് ആഘോഷ ലഹരിയിലാണ് നാട്. മധുരങ്ങളുടെ ആഘോഷം കൂടിയാണ് ക്രിസ്മസ്. വിവിധ തരം കേക്കുകൾ, വൈൻ, മധുര പലഹാരങ്ങൾ, മിഠായികൾ ഇങ്ങനെ നീളുന്നു ക്രിസ്മസ് സീസണിൽ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന വിഭവങ്ങൾ. ക്രിസ്മസെത്തിയാൽ നമ്മുടെ നാട്ടിൽ പ്ലം കേക്കുകളാണ് താരം. അതുപോലെ പാശ്ചാത്യ രാജ്യത്ത് ഏറെ പ്രാധാന്യമുള്ള ഒരു ക്രിസ്മസ് വിഭവമാണ് 'ക്രിസ്മസ് പുഡിംഗ്".

ഇംഗ്ലണ്ട്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ക്രിസ്മസ് ദിനത്തിൽ വിളമ്പുന്ന പുഡിംഗ് ആണ് ഇത്. മദ്ധ്യകാലഘട്ട ഇംഗ്ലണ്ടിൽ ഉടലെടുത്ത ക്രിസ്മസ് പുഡിംഗിന് ' പ്ലം പുഡിംഗ് ' എന്നും പേരുണ്ട്. പേരിൽ പ്ലം ഉണ്ടെങ്കിലും ശരിക്കും ഉണക്ക മുന്തിരികളാണ് ക്രിസ്മസ് പുഡിംഗിലുള്ളത്. വിക്ടോറിയൻ കാലഘട്ടത്തിന് മുമ്പ് ഇംഗ്ലണ്ടിൽ ഉണക്കമുന്തിരിയ്ക്ക് ' പ്ലം ' എന്നും ഉപയോഗിച്ചിരുന്നു.

13 ചേരുവകളുപയോഗിച്ചാണ് പ്ലം പുഡിംഗ് ഉണ്ടാക്കുന്നത്. യേശുവിനെയും 12 ശിഷ്യന്മാരെയുമാണ് ഈ ചേരുവകൾ പ്രതിനിധീകരിക്കുന്നത്. ക്രിസ്മസ് പുഡിംഗിനുള്ളിൽ നാണയം ഒളിപ്പിക്കുന്ന രീതിയും പ്രചാരത്തിലുണ്ട്. ഈ നാണയമടങ്ങുന്ന പുഡിംഗിന്റെ ഭാഗം ലഭിക്കുന്നവരെ തേടി പുതുവർഷത്തിൽ ഭാഗ്യമെത്തുമെന്നാണ് വിശ്വാസം.

2013ൽ ബ്രിട്ടീഷ് ഷെഫായ മാർട്ടിൻ ഷിഫേഴ്സ് ലോകത്തെ ഏറ്റവും വിലയേറിയ ക്രിസ്മസ് പുഡിംഗ് തയാറാക്കിയിരുന്നു. 10,890 പൗണ്ട് വിലയുള്ള കോന്യാക് ചേർത്ത് തയാറാക്കിയ ഈ പുഡിംഗിൽ ലോകത്തെ ഏറ്റവും മികച്ച ഈന്തപ്പഴങ്ങളും ബദാമും മറ്റ് പഴങ്ങളും നട്സുകളും ചേർത്തിരുന്നു. 23,500 പൗണ്ടായിരുന്നു ഈ പുഡിംഗിന്റെ വില.