virat-kohli

ന്യൂ‌ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഭാര്യയും ന ടിയുമായ അനുഷ്ക ശർമ്മയ്ക്കും മക്കൾക്കുമൊപ്പം യുകെയിലേക്ക് താമസം മാറാൻ വിരാട് ആലോചിക്കുന്നതായാണ് വിവരം. കൊഹ്‌ലിയുടെ ആദ്യകാല പരിശീലകൻ രാജ്‌കുമാർ ശർമയാണ് ഇക്കാര്യം പറഞ്ഞത്. ഒരു ദേശീയ മാദ്ധ്യമത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ മറ്റ് വിവരങ്ങൾ ലഭ്യമല്ല.

'വിരാടിന് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ലണ്ടനിലേക്ക് പോയി താമസിക്കാൻ താൽപര്യമുണ്ട്. അദ്ദേഹം ഉടൻ തന്നെ ഇന്ത്യവിട്ട് അവിടെ സ്ഥിരതാമസമാക്കും. ക്രിക്കറ്റിന് പുറമെ കൂടുതൽ സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് കൊഹ്‌ലി ആഗ്രഹിക്കുന്നത്',- രാജ്‌കുമാർ ശർമ പറഞ്ഞു. കൊഹ്‌ലിയും അനുഷ്കയും ലണ്ടനിൽ അടുത്തിടെ കുറച്ച് വസ്തു സ്വന്തമാക്കിയിരുന്നു. രണ്ടാമത്തെ കുഞ്ഞ് പിറന്നതിന് പിന്നാലെ ദമ്പതികൾ കൂടുതൽ സമയവും അവിടെയാണ്. വിരാട് യുകെയിലേക്ക് താമസം മാറുന്നതായി മുൻപും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

ലോകകപ്പ് വിജയാഘോഷത്തിന് പിന്നാലെ കുടുംബത്തെ കാണാനായി വിരാട് ലണ്ടനിലേയ്ക്ക് വിമാനം കയറിയതോടെയാണ് അഭ്യൂഹങ്ങൾ ശക്തമാകുന്നത്. കഴിഞ്ഞവർഷം ഡിസംബറിൽ സജീവ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത താരം നേരെ പോയത് യുകെയിലേയ്ക്കായിരുന്നു. വിരാടിന്റെയും കുടുംബത്തിന്റെയും യുകെയിൽ നിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിക് ലാംപ് എന്ന കമ്പനിയുടെ ഡയറക്‌ടർമാരാണ് വിരാടും അനുഷ്‌കയുമെന്നും റിപ്പോർട്ടുകളുണ്ട്. യുകെ വെസ്റ്റ് യോർക്‌ഷയർ ആസ്ഥാനമായുള്ള കമ്പനിയുടെ മൂന്ന് ഡയറക്‌ടർമാരിൽ രണ്ടുപേർ വിരാടും ഭാര്യയുമാണെന്നാണ് വിവരം. ഇരുവരും യുകെയിലേയ്ക്ക് താമസം മാറുന്നതിന്റെ സൂചനയായി ആരാധകർ ഇതും ചൂണ്ടിക്കാട്ടുന്നു.