pushpa-2

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ 2' ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക് കടക്കുകയാണ്. ചിത്രം ഇതിനോടകം 1500 കോടി രൂപ കളക്ഷൻ നേടിയെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ഹിന്ദിയിലും ഡബ്ബ് ചെയ്ത് പുറത്തിറങ്ങിയതോടെ ഇന്ത്യയിലെ മുഴുവൻ തീയേറ്ററിലും ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രം വൻ ഹിറ്റിലേക്ക് കടക്കുന്നതിനിടെ നിർമ്മാതാക്കൾ അടുത്തിടെ പിവിആർ ഐഎൻഒക്സുമായി തർക്കത്തിൽ ഏർപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, ഇതിനെ തുടർന്ന് ഉത്തരേന്ത്യയിൽ നിന്ന് എല്ലാ പുഷ്പ 2 ഷോകളും നീക്കം ചെയ്യാൻ തിയേറ്റർ ശൃംഖല തീരുമാനിച്ചെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

അനലിസ്റ്റായ മനോബാല വിജയബാലനാണ് പുഷ്പ 2 ഉത്തരേന്ത്യയിലെ പിവിആർ ഐഎൻഒഎക്സ് തീയേറ്റർ ശൃഖലയിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചത്. എന്നാൽ പിന്നീട് മണിക്കൂറുകൾക്ക് ശേഷം ചിത്രത്തിന്റെ നിർമ്മാതാക്കളും തീയേറ്റർ അധികൃതരും ചേർന്ന് പ്രശ്നം ചർച്ച ചെയ്ത് പരിഹരിച്ചെന്നും മനോബാല എക്സിൽ കുറിച്ചു. വിവിധ തീയേറ്ററുകളിലായി ഓരോ ഷോകൾ കളിച്ചു തുടങ്ങുമെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

ഇന്ത്യയിൽ റിലീസ് ചെയ്ത സിനിമകളുടെ കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുകയാണ് പുഷ്പ. ഹിന്ദിയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി പുഷ്പ മാറി. രണ്ടാഴ്ച കൊണ്ട് 600 കോടിയാണ് പുഷ്പ 2 നേടിയെടുത്തത്. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്സ് പറയുന്നതനുസരിച്ച്, അല്ലു അർജുൻ നായകനായ ചിത്രം ലോകമെമ്പാടും 1,500 കോടി കളക്ഷൻ നേടി.

ദിവസങ്ങൾക്ക് മുമ്പ് പുഷ്പ 2 പ്രീമിയർ പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ നോട്ടീസ് പോലും നൽകാതെ അല്ലു അർജ്ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാവിലെ വസതിയിലെത്തിയ പൊലീസിന്റെ ടാസ്‌ക് ഫോഴ്സിനോട് സിനിമാ നിർമ്മാതാവായ അച്ഛൻ അല്ലു അരവിന്ദും ഭാര്യ സ്നേഹ റെഡ്ഢിയും തർക്കിച്ചെങ്കിലും അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയായിരുന്നു. പിന്നീട് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത അല്ലുവിനെ ജയിലിലേക്ക് മാറ്റി.

തുടർന്ന് പൊലീസ് സ്റ്റേഷന് പുറത്ത് രാത്രി വൈകിയും ആരാധകരുടെ പ്രതിഷേധമുണ്ടായിരുന്നു. പിന്നാലെ തെലങ്കാന ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് താരത്തിന് ജാമ്യം ലഭിച്ചത്. ഒരു നടനെ ഇങ്ങനെ അറസ്റ്റ് ചെയ്യേണ്ടതുണ്ടോ എന്നു ചോദിച്ചുകൊണ്ട് നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകർപ്പ് ലഭിച്ചില്ലെന്ന കാരണത്താൽ ജയിലിൽ തുടരേണ്ടിവന്നു.