
കൽപ്പറ്റ: മകനെ കഞ്ചാവ് കേസിൽ കുടുക്കാൻ ശ്രമിച്ച പിതാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചെറ്റപ്പാലം പുത്തൻതറ വീട്ടിൽ പി അബൂബക്കറാണ് (67) പിടിയിലായത്. സെപ്തംബർ ആറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
അബൂബക്കറിന്റെ മകൻ നൗഫലിന് മൈസൂർ റോഡിൽ ഒരു കടയുണ്ട്. നൗഫൽ നിസ്‌കരിക്കാൻ പോയ സമയത്ത് ചിലരുടെ സഹായത്തോടെ അബൂബക്കർ കടയിൽ കഞ്ചാവ് വച്ചു. ശേഷം എക്‌സൈസിനെ വിളിക്കുകയും ചെയ്തു. സ്ഥലത്തെത്തി പരിശോധന നടത്തിയ എക്‌സൈസ് സംഘത്തിന് രണ്ട് ഗ്രാം കഞ്ചാവും ലഭിച്ചു.
തുടർന്ന് നൗഫലിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എന്നാൽ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടെയാണ് അബൂബക്കറിന്റെ പങ്ക് വ്യക്തമായത്. കർണാടക സ്വദേശിയും ഓട്ടോ ഡ്രൈവറുമാണ് അബൂബക്കറിനെ സഹായിച്ചത്. കർണാടക സ്വദേശി അബൂബക്കറിന് കീഴിലാണ് ജോലി ചെയ്യുന്നത്. ഇയാൾ കർണാടകയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് അബൂബക്കർ മകനെ കുടുക്കാൻ ശ്രമിച്ചതെന്ന് എക്‌സൈസ് വ്യക്തമാക്കി.