court

തൊടുപുഴ: നാടിനെ നടുക്കിയ ഷെഫീക്ക് വധശ്രമ കേസിൽ രണ്ട് പ്രതികളും കുറ്റക്കാരണെന്ന് കോടതി. ഷെഫീക്കിന്റെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവർ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. സംഭവം നടന്ന് 11 വർഷത്തിന് ശേഷമാണ് നിർണായക വിധി വരുന്നത്. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണൽ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് വിധി. തന്റെ ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷഫീക്കിനെ കഴിഞ്ഞ 11 വർഷമായി പരിചരിക്കുന്ന നഴ്സ് രാഗിണി പറഞ്ഞു.

കോടതി വിധിയോട് വളരെ വെെകാരികമായിട്ടായിരുന്നു അവരുടെ പ്രതികരണം. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഉടനെ കേസിൽ ഇരുപ്രതികൾക്കും ശിക്ഷ വിധിക്കും. അനീഷക്കെതിരെ 307, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്. ഒന്നാം പ്രതി ഷെരീഫിനെതിരെ 326 പ്രകാരം മാരകമായ മുറിവേൽപ്പിക്കൽ അടക്കം ചുമത്തി. പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

2013 ജൂലായിലാണ് നാലര വയസുകാരൻ ഷെഫീക്ക് പ്രതികളായ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മർദനത്തിന് ഇരയായത്. സംഭവശേഷം ഷെഫീക്ക് വർഷങ്ങളായി അൽ അസ്ഹർ മെഡിക്കൽ കോളേജിന്റെ സംരക്ഷണയിലാണുള്ളത്. രാഗിണി എന്ന ആയയാണ് കുട്ടിയെ പരിചരിക്കുന്നത്. ഏറെനാളത്തെ ചികിത്സക്ക് ശേഷമാണ് ഷെഫീഖ് അപകടനില തരണം ചെയ്തത്. തലച്ചോറിനേറ്റ ഗുരുതര പരിക്ക് കുട്ടിയുടെ ബുദ്ധിവികാസത്തേയും സംസാരശേഷിയേയും ബാധിച്ചു. നടക്കാനും കഴിയില്ല.