
താരൻ കാരണം ബുദ്ധിമുട്ടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ശിരോചർമത്തിൽ ജലാംശം കുറയുന്നതും, അഴുക്കും പൊടിയും നിറഞ്ഞ കാലാവസ്ഥയും ഒക്കെയാണ് താരൻ ഉണ്ടാകാനുള്ള പ്രധാന കാരണം. താരൻ മാറുന്നതിന് വേണ്ടി നിങ്ങൾ പല തരത്തിലുള്ള മാർഗങ്ങൾ പരീക്ഷിച്ച് മടുത്തിട്ടുണ്ടാവും. എന്നാൽ ഒരു കാര്യം മനസിലാക്കൂ. താരൻ എന്നത് നമുക്ക് ശാശ്വതമായി പരിഹാരം കാണാൻ കഴിയുന്ന ഒരു പ്രശ്നമല്ല.
അതിനാൽത്തന്നെ കൃത്യമായ മുടി സംരക്ഷണം അനിവാര്യമാണ്. താരൻ മാറ്റിയില്ലെങ്കിൽ അത് മുടികൊഴിച്ചിൽ രൂക്ഷമാക്കുകയും പിന്നീട് ചർമ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. താരനകറ്റാൻ പല തരത്തിലുള്ള കെമിക്കൽ ട്രീറ്റ്‌മെന്റുകളുണ്ട്. എന്നിരുന്നാലും വീട്ടിൽ തന്നെ എളുപ്പത്തിൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതാണ് ഉത്തമം. ഇതിനായി എളുപ്പത്തിൽ തയ്യാറാക്കുന്ന ഒരു ഹെയർ പാക്ക് നോക്കാം.
ആവശ്യമായ സാധനങ്ങൾ
പേരയില - 10 -15 എണ്ണം
ചെറിയ ഉള്ളി - 8 എണ്ണം
തൈര് - 3 ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
പേരയിലയും ഉള്ളിയും തൈരും ചേർത്ത് നന്നായി അരച്ച് അരിച്ചെടുക്കുക.
ഉപയോഗിക്കേണ്ട വിധം
ശിരോചർമത്തിലാണ് ഈ പാക്ക് പുരട്ടിക്കൊടുക്കേണ്ടത്. ശേഷം കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും മസാജ് ചെയ്യുക. ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്. ഈ പാക്ക് പുരട്ടുന്നതിന് മുമ്പ് മുടിയിൽ എണ്ണ പുരട്ടേണ്ട ആവശ്യമില്ല.