
ആലപ്പുഴ: മുല്ലപ്പൂവിന് വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു മുഴം മുല്ലപ്പൂവിന് 200 രൂപ വരെയായിരുന്നു വില. പൂവിന്റെ ലഭ്യതയനുസരിച്ച് നൂറ് മുതൽ ഇരുന്നൂറ് രൂപ വരെ നിരക്കിലാണ് വില മാറിമറിഞ്ഞുനിന്നത്.
വിവാഹ മുഹൂർത്തങ്ങളുള്ള ദിവസങ്ങളിൽ വില കുതിച്ചുയരും. ശൈത്യകാലത്ത് മുല്ലപ്പൂവിന് വില ഉയരുന്നത് പതിവാണെങ്കിലും, ആദ്യമായാണ് ഇത്രയധികം വില നൽകേണ്ടി വരുന്നത്. തമിഴ്നാട്ടിൽ ഫിൻജാൽ ചുഴലിക്കാറ്റിൽ മുല്ലപ്പൂ കൃഷിയിൽ വ്യാപക നാശം ഉണ്ടായതോടെയാണ് ഡിസംബർ ആദ്യവാരം മുതൽ തന്നെ വില കുത്തനെ കൂടിയത്.
തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിലാണ് മുല്ലപ്പൂവ് കൃഷി കൂടുതലായി നടക്കുന്നത്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ഏക്കറുകണക്കിന് മുല്ലപ്പൂകൃഷി നശിച്ചിരുന്നു. ഡിംഡിഗൽ, നിലക്കോട്ട എന്നിവിടങ്ങളിലെ പൂപ്പാടങ്ങളിലും കൃഷിനാശമുണ്ടായി. ശൈത്യകാലം ആയതിനാൽ വില ഇനിയും കൂടാൻ സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് വിവാഹ സീസണായതും വില വർദ്ധനവിന് കാരണമായെന്ന് കച്ചവടക്കാർ പറയുന്നു
ജനുവരി വരെ വില ഉയർന്നു നിൽക്കും
 നിലവിലെ സാഹചര്യത്തിൽ ജനുവരി പകുതിവരെ വില ഉയർന്നേക്കാം
 വിലക്കൂടുതലിനുപുറമേ പൂവിന്റെ വലുപ്പക്കുറവും തിരിച്ചടിയായിട്ടുണ്ട്
 തീർത്ഥാടനകാലവും വിവാഹ സീസണുമായതിനാൽ പറയുന്ന വില കൊടുത്ത് മുല്ലപ്പൂവ് വാങ്ങുകയാണ്
 സാധാരണക്കാർക്ക് ആശ്വാസമായി മല്ലിപ്പൂവ് വിപണിയിലുണ്ട്. മുല്ലയുടെ പകുതി വിലയ്ക്ക് മല്ലി പൂവ് ലഭിക്കും.
ഡിസംബറായതോടെയാണ് മുല്ലപ്പൂ വിലയിൽ വർദ്ധനവുണ്ടായത്. മിക്ക ദിവസങ്ങളിലും മുഴത്തിന് നൂറ് രൂപയ്ക്ക് മുകളിലായിരുന്നു വില
- പൂവ്യാപാരികൾ, മുല്ലയ്ക്കൽ തെരുവ്
ഉത്സവ സീസണായതിനാൽ മിക്ക ദിവസങ്ങളിലും തിരുവാതിര കളിയുണ്ടാകും. വിലക്കയറ്റം കാരണം പലപ്പോഴും മുല്ലപ്പൂവ് ഒഴിവാക്കി മല്ലിപ്പൂവ് വാങ്ങി ഉപയോഗിക്കാറുണ്ട്
- രമ്യ, തിരുവാതിര കലാകാരി