amboori

തിരുവനന്തപുരം ജില്ലയിലെ അതിമനോഹരമായ മലയോര ഗ്രാമമാണ് അമ്പൂരി. പച്ചപ്പ് മാത്രമല്ല, അതിമനോഹരമായ പുഴകളും ചെറിയ വെള്ളച്ചാട്ടങ്ങളും ഇവിടെ കാണാൻ സാധിക്കും. അതുപോലെ തന്നെ ഇവിടെ കണ്ടിരിക്കേണ്ടതും എന്നാൽ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്നതുമായ ഒരു സ്ഥലമാണ് കുമ്പിച്ചൽ കടവ്.

മനോഹരമായ ആറാണ് കുമ്പിച്ചൽ കടവ് എന്ന ഗ്രാമത്തിന്റെ പ്രത്യേകത. ആദിവാസി ഊരുകളും നെയ്യാർ ഡാം റിസർവോയറും മറ്റ് മനോഹരമായ വിദൂര ദൃശ്യങ്ങളും ഉൾപ്പെടെയുള്ള സമ്പന്നമായ കാഴ്‌ചയാണ് കുമ്പിച്ചൽ കടവ് നിങ്ങൾക്ക് സമ്മാനിക്കുന്നത്. കടവിന് കുറുകെയുള്ള പാലം ആദിവാസി ഊരുകളെ അമ്പൂരിയുമായി ബന്ധിപ്പിക്കുന്നു. കാരിക്കുഴി കടത്ത് കടവ് എന്നും ഈ കടവ് അറിയപ്പെടുന്നു.

കുമ്പിച്ചൽ കടവിൽ ഒരു ദ്വീപുണ്ട്. അവിടെ മനുഷ്യവാസം ഇല്ല എന്നാണ് പറയപ്പെടുന്നത്. തോണി കയറി മറുകരയിൽ എത്തിയാൽ അവിടെ അൽഫോൺസാമ്മയുടെ കുരിശടി കാണാം. ഒരു കിലോമീറ്ററിനപ്പുറം അൽഫോൺസാമ്മയുടെ കുരിശടി കാണാം. ഒരു കിലോമീറ്റർ കൂടെ കഴിഞ്ഞാൽ അൽഫോൺസാമ്മയുടെ പേരിൽ നിർമിച്ച കേരളത്തിലെ ആദ്യ പള്ളിയുമുണ്ട്.

ഈ കടവിലെത്തുന്നവർക്ക് തോണിയാത്ര മാത്രമല്ല, അമ്പൂരിയിലെ രുചിയേറും ഭക്ഷണവും ആസ്വദിക്കാം. സമൂഹ മാദ്ധ്യമങ്ങളിലെ റീലുകൾ വൈറലായതോടെ നിരവധിപേരാണ് ഇപ്പോൾ അമ്പൂരിയിലെത്തുന്നത്. അമ്പൂരിയിലെ ദ്രവ്യപ്പാറ കാണാനായാണ് റീലുകൾ കണ്ട് ഏറെപ്പേരും അവിടേക്ക് എത്തുന്നത്. എന്നാൽ, ഇനി അവിടുത്തെ അതിമനോഹരമായ കുമ്പിച്ചൽ കടവ് കൂടി സന്ദർശിക്കൂ.