
ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവ ദർശനം, ക്രൈസ്തവ ദർശനത്തിന്റെ ആസ്ഥാനമായ വത്തിക്കാനിൽ നിന്ന് സർവാദരണീയനായ ഫ്രാൻസിസ് മാർപ്പാപ്പയുടെ വചനത്തിലൂടെ ലോകം ശ്രവിച്ച അത്യുദാത്തമായ പശ്ചാത്തലത്തിലാണ് 92-ാമത് ശിവഗിരി തീർത്ഥാടനത്തിന് തിരിതെളിയുന്നത്. ലോകമാകെ ശാന്തിയുടേയും സമാധാനത്തിന്റേയും പവിത്രമായൊരിടം തേടുന്ന ഇക്കാലത്തും എക്കാലത്തും നമുക്ക് സമാശ്രയവും സമചിത്തതയുമേകുന്നതാണ് ഗുരുദേവ ദർശനവും ശിവഗിരി തീർത്ഥാടനവും.
ലോകത്ത് അഭിവൃദ്ധി മാർഗങ്ങൾ നിരവധിയുണ്ടെങ്കിലും അധികംപേരും അവയെ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല എന്നത് ആശങ്കാജനകമാണ്. 'അറിയാനും അറിയിക്കാനും" എന്ന ഗുരുതത്ത്വത്തെ വിസ്മരിച്ച് തത്ത്വാവിഷ്‌കരണത്തിനല്ലാത്തവിധം 'വാദിക്കാനും ജയിക്കാനു" മുള്ള പ്രവണത സമൂഹത്തിൽ കൂടിവരുന്നതും ശുഭകരമല്ല. ഇതു രണ്ടും ആത്മവിരോധത്തിന്റെ മാർഗങ്ങളാണ്. ആത്മവിരോധം ഭേദചിന്തകളേയും ഭേദബുദ്ധിയേയും സൃഷ്ടിക്കുമെന്നു മാത്രമല്ല, അവനവനെത്തന്നെ നാശത്തിലേക്കു നയിക്കുകയും ചെയ്യുമെന്നതിന് എത്രയോ ദൃഷ്ടാന്തങ്ങൾ നമുക്കു മുന്നിലുണ്ട്.
മനുഷ്യത്വം വിണ്ടുപോകുന്ന ഈ ലോക സാഹചര്യത്തിൽ ശാന്തിയുടേയും സമാധാനത്തിന്റേയും അഭിവൃദ്ധിയുടേയും മംഗളപരതയുടേയും മൗലികമായ ദർശനമാണ് ഗുരുദേവൻ മനുഷ്യരാശിക്ക് നൽകിയതെന്ന് ഓർക്കുമ്പോഴാണ് ആ ദൈവികതയുടേയും മാനവികതയുടേയും എഴുന്നള്ളത്തിനു മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ലെന്ന ബോദ്ധ്യം ഉറയ്ക്കുന്നത്. 'എന്തിനാണ് മനുഷ്യർ ഭിന്നത വളർത്തി കലഹിക്കുന്നത്? എല്ലാം വൃഥാവിൽ. പോരാട്ടങ്ങൾ കൊണ്ട് എല്ലാവർക്കും നാശമേ ഉണ്ടാകയുള്ളുവെന്ന് മനുഷ്യൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു."- ഗുരുദേവന്റെ ഈ വചനാമൃതംകൊണ്ട് നമ്മുടെ അകവും പുറവും തിങ്ങിവിങ്ങി കരകവിയുന്നൊരു കാലത്തേ സഹോദര്യത്തിന്റെയും
സഹനത്തിന്റെയും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അഹിംസയുടെയും വിശുദ്ധിയുടെയും മാതൃസ്ഥാനത്തേക്ക് നമുക്കെല്ലാം മടങ്ങിയെത്താനാകൂ.
സമഭാവനയുടെ
സംഗമവേദി
ആ അനുഭവ മഹിമയിലേക്ക് ഏവരെയും ഉയർത്തുന്ന സർവസമന്വയ സമഭാവനയുടേയും നവോത്ഥാനത്തിന്റെയും അഭൗമമായ സ്രോതസാണ് 'ശിവഗിരി തീർത്ഥാടനം." ഭക്തിയും ശുദ്ധിയും അറിവും ശ്രദ്ധയും വേറല്ലാത്തവിധം സമന്വയിക്കുന്ന ശിവഗിരി തീർത്ഥാടനം പുനരവലോകനത്തിന്റെയും പുനരാവിഷ്‌കരണത്തിന്റെയും വലിയ സാദ്ധ്യതകളാണ് തീർത്ഥാടകനു സമ്മാനിക്കുന്നത്. 'സമ്പാദിച്ച അറിവ് കളയരുത്, അതു വലുതാക്കിയാൽ എത്ര പങ്കുവയ്ക്കാം. ഈശ്വരൻ പ്രസാദിച്ചാൽ മതി" എന്ന ഗുരുദേവന്റെ വചനവെളിവിലേക്ക് ഈ തീർത്ഥാടനത്തിലൂടെ നമ്മുടെയെല്ലാം മനസും ബുദ്ധിയും ചിന്തയും എത്തണം. അപ്പോൾ പ്രശാന്തചിത്തനായി കഴിയേണ്ട മനുഷ്യൻ അശാന്തചിത്തനായി മാറുകയില്ല.
വിദ്യയും വിശ്വാസവും, ശുചിത്വവും ഭക്തിയും വേറുവേറാകാതെ ആത്മീയവും ലൗകികവും പരസ്പരം ഒരു ശരീരത്തിലെ വിവിധങ്ങളായ അവയവങ്ങൾ ഏകോപിക്കുന്നതുപോലെ ഏകോപിപ്പിക്കുന്നതായാൽ ഭൗതികമായ അഭ്യുന്നതിയും ആദ്ധ്യാത്മികമായ നിഃശ്രേയസവും (മോക്ഷം, ഇളക്കമില്ലാത്ത ശ്രേയസ്) മനുഷ്യന് അനായാസം പ്രാപ്യമാക്കാനാവും. അപ്പോൾ ജീവിതത്തിലെ ഇരുളുകൾ നീങ്ങുകയും ആത്മപ്രകാശം അകത്തും പുറത്തും ഉജ്ജ്വലിക്കുകയും ചെയ്യും. ആ പ്രകാശപ്രവാഹത്തിലാണ് ജീവിതത്തെ പുനഃക്രമീകരിക്കേണ്ടതും നവീകരിക്കേണ്ടതും. അപ്പോൾ വിവേചനങ്ങളോ അശാന്തിയോ ഇല്ലാത്ത ഒരു നവലോകം യാഥാർത്ഥ്യമാകും.
അങ്ങനെയുള്ളൊരു നവലോകത്തെയാണ് 'സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം" കൊണ്ട് ഗുരു വിഭാവനം ചെയ്തത്. ഗുരുദേവന്റെ അനുപമവും അമേയവുമായ ആ മഹാസങ്കല്പം യാഥാർത്ഥ്യമാകണമെങ്കിൽ മനുഷ്യരെല്ലാവരും ആത്മസഹോദരരാണെന്ന ബോധത്തിൽ, ഗുരുദേവൻ ഉദ്‌ബോധിപ്പിച്ച സത്യദർശനത്തിന്റെ വെളിച്ചത്തിൽ, ശാസ്ത്ര, സാങ്കേതിക, ഭൗതിക വിജ്ഞാനം പങ്കുവയ്ക്കുകയും അവയെ വിനിമയം ചെയ്യുകയും ഗുണപരമായി പ്രയോജനപ്പെടുത്തുകയും വേണം. അപ്പോഴാണ് വിശ്വമാനവികതയുടെ അമരപ്രകാശത്തിൽ ലോകം ശാന്തിഭദ്രമാകുന്നതും അഭ്യുന്നതിയും ആത്മസുഖവും കൈവരുന്നതും. അതിനുള്ള ജീവിതഗന്ധികളായ പാഠങ്ങളാണ് ശിവഗിരി തീർത്ഥാടനലക്ഷ്യങ്ങൾ.
ഋഷിദർശനത്തിലെ
വിശ്വദർശനം
വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കൈത്തൊഴിൽ, കച്ചവടം, സങ്കേതിക- ശാസ്ത്ര പരിശീലനം എന്നിങ്ങനെ ഗുരുദേവൻ എണ്ണിപ്പറഞ്ഞ ആ ലക്ഷ്യങ്ങളായിരിക്കട്ടെ നമ്മുടെ ഏവരുടേയും ലേകോദ്ധാരണത്തിനുള്ള ഗീതവും ഗീതയും. ശിവഗിരി തീർത്ഥാടനത്തിന്റെ അസ്തിത്വമെന്നത് ആത്മീയതയും ലൗകികതയും രണ്ടല്ലാതൊന്നായി നിൽക്കുന്ന സത്യത്തിന്റെ ബലിഷ്ഠതയാണ്. മറ്റെല്ലാം ദുർബലവും ദുർലഭവുമാകുമ്പോഴും സത്യത്തിന്റെ നിത്യതയിലും നിതാന്തതയിലുമാണ് ഈ സമസ്ത പ്രപഞ്ചവും അതിലുള്ളതൊക്കെയും നിലനിൽക്കുന്നത്. ഈ ഋഷിദർശനത്തിൽ നിന്ന് ഉദയസൂര്യനെപ്പോലെ ഉയർന്നു വന്നതാണ് ശിവഗിരി തീർത്ഥാടനത്തിന്റെ ഘടനയും ഉള്ളടക്കവും. അതിന്റെ ബിംബം ശ്രീനാരായണ ബിംബവും, ലക്ഷ്യം വിശ്വമാനവികതയിൽ അധിഷ്ഠിതമായ ലേകോദ്ധാരണവും, സ്വഭാവം സർവ വിഭാഗീയതകൾക്കും അതീതമായ വിശ്വമാനവികതയുമാണ്.
ആന്തരികമായ പരിവർത്തനത്തിന്റെ പ്രകാശപരതയിൽ വേണം ഏതൊരു ഭൗതിക മാറ്റവും ഭൗതിക മുന്നേറ്റവും ഉണ്ടാവേണ്ടത്. എന്തുകൊണ്ടെന്നാൽ അതില്ലാതെ സംഭവിക്കുന്ന യാതൊരു ഭൗതിക ചലനത്തിനും വ്യക്തിയെയോ സമൂഹത്തെയോ ദീർഘകാലം നേർദിശയിലേക്കു നയിക്കാനാവുകയില്ല. ഗുരുദേവന്റെ ഏതൊരു സാമൂഹ്യ ഇടപെടലിലും ഈ നയതന്ത്രജ്ഞതയും മനശ്ശാസ്ത്രപരതയും സമഞ്ജസമായി സമ്മേളിച്ചിരുന്നു. അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് 1888-ലെ അരുവിപ്പുറം ശിവപ്രതിഷ്ഠയും സന്ദേശവും.
സമസ്ത മനുഷ്യരുടെയും ആത്മീയവും ഭൗതികവുമായ ഉദ്ധാരണത്തിനും ഉത്തേജനത്തിനും കരുത്താവുക വഴി മാനവ സമൂഹത്തിനൊന്നാകെ വിശ്വാസ സ്വാതന്ത്ര്യവും നൈതികവും വൈദികവുമായ മൗലിക സ്വാതന്ത്ര്യവും നല്കുന്നതിനു വേണ്ടിയായിരുന്നു ഗുരുദേവൻ ആ പ്രതിഷ്ഠ നിർവ്വഹിച്ചത്. അതുകൊണ്ടു തന്നെ അരുവിപ്പുറം പ്രതിഷ്ഠയെ ഒരു ക്ഷേത്ര പ്രതിഷ്ഠയയോ കേവലമൊരു ആരാധനാ മൂർത്തിയായോ മതസംബന്ധമായ ഏതെങ്കിലും പരിഷ്‌കരണത്തിന്റെ മാത്രം ബിംബമോ പ്രതീകമോ ആയോ കേവലാർത്ഥത്തിൽ വിലയിരുത്താവുന്നതല്ല. എന്തുകൊണ്ടെന്നാൽ, അരുവിപ്പുറത്തെ ശിവപ്രതിഷ്ഠകൊണ്ട് ഗുരുദേവൻ എന്താണോ വിഭാവനം ചെയ്തത്, അഥവാ ലോകത്തെ അറിയിക്കാൻ ആഗ്രഹിച്ചത്, അതിന്റെ സാരസംഗ്രഹമാണ് ചരിത്രപ്രസിദ്ധമായ അരുവിപ്പുറം സന്ദേശത്തിലെ ഈ വരികൾ: 'സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്."
ദർശനത്തിന്റെ
നവീനതലം
ഇതേ ദർശനത്തിന്റെ തന്നെ മറ്റൊരു ആധുനിക 'ഡയമെൻഷൻ" ആണ് ശിവഗിരി തീർത്ഥാടനത്തിന്റെ ഉള്ളടക്ക കല്പനയിലൂടെയും ഗുരുദേവൻ ലോകത്തിനു നല്കുന്നത്. മനുഷ്യനെ ലോകത്തിന്റെ ബാഹ്യാഭ്യന്തര ശുദ്ധിക്കും അഭ്യുന്നതിക്കും ആധാരമായി നിലകൊള്ളുന്ന അടിസ്ഥാന വിഷയങ്ങളിൽ പ്രബുദ്ധനും സ്വതന്ത്രനുമാക്കി, അവനെ ഒരു വിശ്വമാനവനാക്കിത്തീർക്കുക എന്നതാണത്. മറ്റൊരർത്ഥത്തിൽ, ലോകഹിതത്തിന് അനുരൂപമായി തന്റെയും അപരന്റെയും പ്രിയങ്ങളെ ഏകോപിപ്പിച്ചും, അറിവുള്ളവനായും ലോകമംഗളത്തിനായി പ്രയത്നം ചെയ്യുന്നവനായും മനുഷ്യനെ പരിവർത്തനപ്പെടുത്തിയും, അതിനു പ്രാപ്തനാക്കിയും തീർക്കുക എന്നതാണ്. ഇത്തരമൊരു ഘടനയിൽ നിന്ന് പിറവികൊണ്ട ലോകത്തെ ഒരേയൊരു തീർത്ഥാടനമാണ് ശിവഗിരി തീർത്ഥാടനം.
ഇതിനപ്പുറം, മനുഷ്യനെ സർവതന്ത്ര സ്വതന്ത്രതയിലേക്കും സമഗ്രതയിലേക്കും വിശ്വമാനവികതയിലേക്കും ശുദ്ധിയിലേക്കും അഭ്യുന്നതിയിലേക്കും ആനയിക്കുന്ന മറ്റൊരു തീർത്ഥാടനം ലോകത്തില്ലെന്നു പറയുവാൻ നമുക്ക് ആധാരമായിത്തീരുന്നത്, ഗുരുവിന്റെ അദ്വൈത ദർശനത്തിൽ ലോകമാകെയും മനുഷ്യരാകെയും ശാസ്ത്രമാകെയും ആത്മീയ, ലൗകികഭേദം കൂടാതെ ശരീരവും പ്രാണനുമെന്ന പോലെ ഒന്നായി നിലകൊള്ളുന്നതുകൊണ്ടാണ്. ഈ ഒന്നിനെ രണ്ടാക്കി അറിഞ്ഞാൽ ഈ ലോകവും അതനുഭവിക്കുന്ന ഞാനും രണ്ടെന്ന നിലയിൽ വേർപെട്ടുപോകും. കണ്ണാടിക്കു പിന്നിലിരിക്കുന്ന ഒരു വസ്തുവിനെ കണ്ണാടിയിലൂടെ നോക്കിക്കാണാൻ എത്ര ശ്രമിച്ചാലും സാദ്ധ്യമാകാത്തതു പോലെയാണ് ഇതും.
തിരിച്ചറിവുകളുടെ
തീർത്ഥാടനം
നിർഭാഗ്യവശാൽ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും മനുഷ്യൻ ദൈവത്തിന്റെയും വിശ്വാസത്തിന്റേയും മതത്തിന്റേയും പേരിൽ പരസ്പരം ഭിന്നിക്കുന്നതും പോരടിക്കുന്നതും ദുരന്തം വിതയ്ക്കുന്നതും പതിവു കാഴ്ചകളായിത്തീരുന്നത് വേദനാജനകമാണ്. ഒരു രാത്രികൊണ്ട് പിറന്ന മണ്ണ് അന്യമാകുന്നതും മാതാപിതാക്കളും മക്കളും ബന്ധുക്കളും കൺമുന്നിൽ അഗ്നിക്കിരയാകുന്നതും ലോകർക്ക് ഇന്നൊരു വാർത്തപോലുമല്ലാതായിരിക്കുന്നു. മതവും മനുഷ്യനും വേർപെട്ടു പോകുന്ന ഇന്നത്തെ ലോക സാഹചര്യത്തിൽ പരംപൊരുളിന്റെ നിത്യവർത്തമാനത്തിൽ നട്ടുവളർത്തപ്പെട്ട ശിവഗിരി തീർത്ഥാടനത്തിന്റെ കാലാതീത പ്രാധാന്യവും പ്രസക്തിയും ഏറെ പ്രത്യാശ നൽകുന്നതാണ്.
വിശ്വാസത്തിൽ അധിഷ്ഠിതമായ ആരാധനയും, ആരാധനയിൽ അധിഷ്ഠിതമായ വിശ്വാസവും- ഇതു രണ്ടും കൊണ്ടല്ലാതെ ഒരു തീർത്ഥാടനത്തിനും കാലത്തെ അതിജീവിക്കാനാവില്ലെന്നതാണ് പൊതുധാരണ. അതുകൊണ്ടു തന്നെ നമ്മുടെ തീർത്ഥാടനങ്ങളുടെയെല്ലാം ജീവനാഡിയിൽ വിശ്വാസവും ആരാധനയും പിരിക്കാനാവാത്ത വിധം ഒന്നുചേർന്നു കിടക്കുന്നു. തീർത്ഥാടനങ്ങളുടെ ഈ പരമ്പരാഗത മാർഗത്തിൽ നിന്നും ഘടനയിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒരു അസ്തിത്വത്തിൽ നിന്നാണ് ശിവഗിരി തീർത്ഥാടനം ഉദയം കൊണ്ടിട്ടുള്ളത്. ഈ സദ്വിചാരങ്ങളുടെ ശുദ്ധതയിൽ ആലുവാ സർവമത സമ്മേളനത്തിന്റേയും, മഹാത്മജി ശിവഗിരിയിലെത്തി ഗുരുദേവനെ സന്ദർശിച്ചതിന്റേയും ശതാബ്ദികൾ ഒത്തുവരുന്ന ഈ സന്ദർഭത്തിൽ കടന്നുവരുന്ന 92-ാമത് ശിവഗിരി തീർത്ഥാടനത്തെ നമുക്ക് ചിന്തകൊണ്ടും ഹൃദയം കൊണ്ടും വരവേൽക്കാം.