
കൈയിലെ കാശിന്റെ കനമനുസരിച്ച് വീട്ടിലെ കല്യാണം എത്രത്തോളം ആഡംബരമാക്കാം എന്ന ചിന്തയാണ് എന്നും മലയാളിക്കുള്ളത്. ആഭരണത്തിൽ നിറഞ്ഞുനിന്നിരുന്ന ആ ആഡംബരം ഇന്ന് വെഡ്ഡിംഗ് ഡെസ്‌റ്റിനേഷൻ എന്ന സമ്പ്രദായത്തിന് വഴിമാറി കൊടുക്കുകയാണ്. കല്യാണമണ്ഡപങ്ങളിൽ നിന്ന് പ്രകൃതി മനോഹരങ്ങളായ വെഡ്ഡിംഗ് ഡെസ്‌റ്റിനേഷൻ കേന്ദ്രങ്ങളിലേക്ക് വിവാഹപ്പാർട്ടികൾ പറക്കുകയാണ്. കേരളത്തിന്റെ ടൂറിസം വകുപ്പിന് വലിയ വരുമാനമായി മാറുകയാണ് ഡെസ്‌റ്റിനേഷൻ വെഡ്ഡിംഗ്.
ഒരാഴ്‌ചയെങ്കിലും നീളുന്ന കല്യാണ ആഘോഷങ്ങളിലേക്ക് മലയാളിയും പരിചയം നേടിക്കഴിഞ്ഞു. സംഗീത്, ഹൽദി, ഗുലാബി എന്നിങ്ങനെ കേട്ടതും കേൾക്കാത്തതുമായ ചടങ്ങുകൾ നിരവധി. അടുത്തിടെ നടന്ന വെഡ്ഡിംഗ് ഡെസ്‌റ്റിനേഷന്റെ ഏറ്റവും വലിയ ഉദാഹരണം എന്നു പറയുന്നത് അംബാനി കല്യാണമായിരുന്നു.
ഇന്ത്യൻ ജനതയുടെ മുഴുവൻ ശ്രദ്ധയും മുംബയിലേക്ക് തിരിക്കത്തക്കവിധത്തിലാണ് മുകേഷ് അംബാനി ഇളയ മകൻ അനന്തിന്റെയും രാധിക മെർച്ചന്റിന്റെയും വിവാഹം അത്യാഡംബരപൂർവം നടത്തിയത്. മാർച്ചിൽ ജാംനഗറിൽ ആരംഭിച്ച വിവാഹ പൂർവ ആഘോഷങ്ങൾ ഓരോന്നും സമാനതകളില്ലാത്ത വിധം പ്രൗഢമായിരുന്നു. ബിൽ ഗേറ്റ്സും സുക്കർബർഗുമടക്കമുള്ള പ്രമുഖർ പങ്കെടുത്ത പ്രീ–വെഡിംഗ് ആഘോഷം മുതൽ ഓരോ ആഘോഷങ്ങളുടെയും മാറ്റുകൂട്ടുന്നതിന് നൂറുകണക്കിന് കോടികൾ അംബാനി ഒഴുക്കി. വിവാഹ ചെലവ് ആകെ 5000 കോടി ആണെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. അങ്ങനെ ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹ ആഘോഷങ്ങളിൽ ഒന്നായി അനന്ത് രാധിക വിവാഹം മാറുകയും ചെയ‌്തു.
ഡെസ്‌റ്റിനേഷൻ വെഡ്ഡിംഗിന്റെ ആരംഭം എന്നുപറയുന്നത് യൂറോപ്പിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് വധൂവരന്മാർ പ്രകൃതിരമണീയമായ സ്ഥലങ്ങൾ തിരഞ്ഞെടുത്ത് വിവാഹ വേദിയാക്കാൻ തുടങ്ങിയത്. കേരളത്തിലേക്ക് തന്നെ വന്നുകഴിഞ്ഞാൽ കുമരകം, ശംഖുമുഖം, കോവളം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളെല്ലാം ഇന്ന് തിരക്കുള്ള ഡെസ്‌റ്റിനേഷൻ സെന്ററുകളായി കഴിഞ്ഞു. കുമരകം കായൽക്കരയിലിപ്പോൾ കല്യാണ മേളങ്ങളുടെ തിരക്കാണ്. സർക്കാരിന്റേതുൾപ്പെടെയുള്ള റിസോർട്ടുകളിൽ മാസം ശരാശരി 15ലെറെ കല്യാണങ്ങളാണ് നടക്കുന്നത്. പ്രവാസികളും ഉത്തരേന്ത്യക്കാരും വിദേശപൗരൻമാരുമെല്ലാം കായൽക്കാറ്റേറ്റ് കല്യാണം കളറാക്കാൻ ഇവിടേക്കൊഴുകുന്നു. കായൽ കല്യാണത്തിലെ ടൂറിസം സാദ്ധ്യത റിസോർട്ടുകൾക്കും പ്രയോജനപ്പെടുത്തുന്നു. ഇതോടെ കുമരകം ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന്റെ പറുദീസയുമായി.
കേരള സർക്കാർ തന്നെ പ്രോത്സാഹനം നൽകുന്നത് കൊണ്ട് മികച്ച സാദ്ധ്യതകളാണ് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവർക്കും റിസോർട്ട് നടത്തിപ്പുകാർക്കും ഡെസ്‌റ്റിനേഷൻ വെഡ്ഡിംഗ് നൽകുന്നത്. കേരളടൂറിസം വകുപ്പിന്റെ വെബ് പോർട്ടലിലൂടെ ഡെസ്‌റ്റിനേഷൻ വെഡ്ഡിംഗ് സെന്ററുകൾ ബുക്ക് ചെയ്യാം. പ്രീ, പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ടുകളും റീലുകളുമായി ആഘോഷം പൊടിപൊടിക്കാം. ഇതിനായി ഉത്തരേന്ത്യക്കാർ ലക്ഷങ്ങളാണ് പൊടിക്കുന്നത്. ഒന്നിലേറെ ദിവസങ്ങളുടേതാണ് പാക്കേജ്. വരനും വധുവും കുടുംബമായി നേരത്തെയെത്തും. പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും.വിവാഹത്തിനായി റിസോർട്ട് മുഴുവൻ ബുക്ക് ചെയ്യുന്നവരുമുണ്ട്. അതിനനുസരിച്ച് പാക്കേജുകളും ലഭിക്കും.
അതിഥികളെ എയർപോർട്ടിൽ നിന്ന് പിക്ക് ചെയ്യുന്നത് മുതൽ കല്യാണം കഴിഞ്ഞ് വരനേയും വധുവിനേയും യാത്രയാക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും റിസോർട്ടുകാർ നോക്കികൊള്ളും.