
വിദേശ നിക്ഷേപകരുടെ പിന്മാറ്റം വിനയാകുന്നു
കൊച്ചി: തുടർച്ചയായ നാലാം ദിവസവും ഇന്ത്യൻ ഓഹരി വിപണി കനത്ത തകർച്ച നേരിട്ടു. പലിശ കുറയ്ക്കുന്നതിൽ ഫെഡറൽ റിസർവ് വിമുഖത പ്രകടിപ്പിച്ചതിന്റെ ആഘാതത്തിൽ പ്രധാന ഓഹരി സൂചികകൾ ഇന്നലെ നിലംപൊത്തി. ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 1176.41 പോയിന്റ് നഷ്‌ടവുമായി 78,041.59ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി 364.20 പോയിന്റ് ഇടിഞ്ഞ് 23,587.50ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലയിലും കനത്ത ഇടിവുണ്ടായി. ബാങ്കിംഗ്, റിയൽറ്റി, വാഹന, ഐ.ടി മേഖലകളിലെ ഓഹരികളാണ് പ്രധാനമായും തകർച്ച നേരിട്ടത്. ടെക്ക് മഹീന്ദ്ര, ഇൻഡസ് ഇൻഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ട്രെന്റ് എന്നിവയാണ് ഇടിവിന് നേതൃത്വം നൽകിയത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് പുതുക്കി താഴേക്ക് നീങ്ങുന്നതിൽ ആശങ്കാകുലരായ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ സൃഷ്‌ടിച്ച വിൽപ്പന സമ്മർദ്ദമാണ് വിപണിക്ക് തിരിച്ചടി സൃഷ്‌ടിക്കുന്നത്. അടുത്ത വർഷം അധികാരമേൽക്കുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ ഇന്ത്യയ്ക്കും തലവേദനയാകുമെന്ന വിലയിരുത്തലും പ്രതികൂലമായി. ഇന്നലെ നിക്ഷേപകരുടെ ആസ്തിയിൽ 8.8 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്.
അഞ്ച് ദിവസം, സെൻസെക്സിൽ 4,000 പോയിന്റ് നഷ്‌ടം
അഞ്ച് ദിവസത്തിനിടെ സെൻസെക്സ് സൂചികയിൽ 4,000 പോയിന്റ് ഇടിവാണുണ്ടായത്. നിഫ്‌റ്റിയിൽ ഇക്കാലയളവിൽ 1,200 പോയിന്റ് നഷ്‌ടമുണ്ടായി. രണ്ടര വർഷത്തിനിടെയിലെ ഏറ്റവും വലിയ പ്രതിവാര നഷ്‌ടമാണിത്. ഡിസംബർ 19ന് വിദേശ നിക്ഷേപകർ 4,224.92 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ ഓഹരികളും കനത്ത വിൽപ്പന സമ്മർദ്ദമാണ് നേരിടുന്നത്.
രൂപയ്ക്ക് നേരിയ നേട്ടം
ഒരവസരത്തിൽ 85.10 വരെ താഴ്ന്ന് റെക്കാഡ് പുതുക്കിയ രൂപ റിസർവ് ബാങ്കിന്റെ വിപണി ഇടപെടലോടെ 85.01ൽ വ്യാപാരം അവസാനിപ്പിച്ചു. പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വിപണിയിൽ ഡോളർ വിറ്റഴിച്ചതാണ് പിന്തുണയായത്. എന്നാൽ കഴിഞ്ഞ വാരം രൂപയുടെ മൂല്യത്തിൽ 0.2 ശതമാനം ഇടിവുണ്ടായി.
ഒരാഴ്ചയിൽ നിക്ഷേപകരുടെ നഷ്‌ടം
17 ലക്ഷം കോടി രൂപ