
ജയ്പൂർ: രാജസ്ഥാനിലെ ജയ്പുരിൽ പെട്രോൾ പമ്പിനുസമീപം ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ 11പേർക്ക് ദാരുണാന്ത്യം. 40ഓളം പേർക്ക് പരിക്കേറ്രു. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ ജയ്പൂർ- അജ്മീർ ഹൈവേയിലാണ് സംഭവം. രാസവസ്തു നിറച്ച ട്രക്ക് മറ്റു ട്രക്കുകളുമായി കൂട്ടിയിടിച്ചതിനു പിന്നാലെ പെട്രോൾ പമ്പിൽ നിറുത്തിയിട്ടിരുന്ന സി.എൻ.ജി ടാങ്കറിന് തീപിടിക്കുകയായിരുന്നു. തുടർന്ന് പ്രദേശമാകെ തീഗോളമായി. ആളുകൾക്ക് ഓടി രക്ഷപ്പെടാനായില്ല. നിരവധി പൊട്ടിത്തെറികളുണ്ടായതായാണ് കരുതുന്നത്. 300 മീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് തീപിടിച്ചു. പൊട്ടിത്തെറിയുടെ ശബ്ദം പത്ത് കിലോമീറ്റർ വരെ കേട്ടതായാണ് റിപ്പോർട്ട്. 20ഓളം അഗ്നിശമനാ സേനാ യൂണിറ്റുകളെത്തി മണിക്കൂറുകളെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രദേശത്ത് നിറുത്തിയിട്ടിരുന്ന 30 ട്രക്കുകൾ കത്തിനശിച്ചു. കൂട്ടിയിടിയിൽ എൽ.പി.ജി ട്രക്കിന്റെ ഔട്ട്ലെറ്റ് നോസിലിന് കേടുപാടുണ്ടായെന്നും തുടർന്ന് വാതക ചോർച്ചയുണ്ടാകുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. മികച്ച ചികിത്സ നൽകുന്നതിന് നടപടിയെടുക്കണമെന്ന് നിർദ്ദേശം നൽകി. അപകടത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
അനുശോചനം അറിയിച്ച് മോദി
രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.