priyanka

ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം പ്രിയങ്ക മോഹൻ നായിക. ഇതാദ്യമായാണ് ദുൽഖർ സൽമാന്റെ നായികയായി പ്രിയങ്ക മോഹൻ എത്തുന്നത്. മലയാളത്തിലും തെലുങ്കിലുമായാണ് ദുൽഖർ സൽമാൻ - നഹാസ് ഹിദായത്ത് ചിത്രം ഒരുങ്ങുന്നത്. ഫെബ്രുവരിയിൽ ഹൈദരാബാദിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ തമിഴ് നടൻ എസ്.ജെ. സൂര്യയാണ് പ്രതിനായകൻ. ഇതാദ്യമായാണ് എസ്.ജെ. സൂര്യ മലയാളത്തിൽ എത്തുന്നത്. ആന്റണി വർഗീസാണ് മറ്റൊരു താരം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും തെലുങ്കിലെ പ്രമുഖ നിർമ്മാതാക്കളായ സിതാര എന്റർടെയ്ൻമെന്റ്സും ചേർന്നാണ് നിർമ്മാണം. ആർ.ഡി.എക്സ് എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രതീക്ഷകളേറെയാണ്. അതേസമയം ജയം രവി നായകനായ ബ്രദർ ആണ് പ്രിയങ്ക മോഹൻ നായികയായി തമിഴിൽ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ധനുഷ് സംവിധാനം ചെയ്യുന്ന നിലവുക്ക് എൻമേൽ എന്നടി കോപം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ധനുഷ് നായകനായ ക്യാപ്ടൻ മില്ലർ ആണ് പ്രിയങ്ക മോഹന്റെ ശ്രദ്ധേയ ചിത്രം. ശിവകാർത്തികേയൻ ചിത്രം ഡോണിലെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി.