
ട്രിച്ചി: പാമ്പിന്റേത് പോലെ സ്വന്തം നാവ് രൂപം മാറ്റുന്നതിന് നാവ് മുറിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് അനധികൃത ടാറ്റൂ പാർലർ നടത്തിവന്ന ചിന്താമണി സ്വദേശി എസ് ഹരിഹരൻ (24), സുഹൃത്ത് കൂത്തപ്പാർ സ്വദേശി ജയരാമൻ (24) എന്നിവർ അറസ്റ്റിലായത്. ഇൻസ്‌റ്റഗ്രാം താരമായ ഹരിഹരന് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ട്രെൻഡിംഗ് വീഡിയോസിനായാണ് നാവ് പിളർത്തിയത്. ഇതിനായി ഇവർക്ക് മതിയായ പരിശീലനം ഒന്നും ലഭിച്ചിരുന്നില്ല എന്നാണ് വിവരം. ഓപ്പറേഷൻ നടത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കൊണ്ടായിരുന്നു നാവ് മുറിക്കൽ.
ലൈസൻസ് ഇല്ലാതെയാണ് ടാറ്റൂ സെന്റർ നടത്തിയതെന്നും സ്ഥാപനം സീൽ ചെയ്‌തെന്നും അധികൃതർ അറിയിച്ചു. ശസ്‌ത്രക്രിയ നടത്തുന്ന ഉപകരണങ്ങളും മയക്കാനുള്ള മരുന്നും എങ്ങനെ ഇവർക്ക് കിട്ടി എന്നും അന്വേഷിക്കുന്നുണ്ട്. നാവ് പിളർത്തുന്നത് കൂടാതെ കൃഷ്‌ണമണിയിൽ ടാറ്റൂ ചെയ്യുക, ശരീരഭാഗങ്ങളിൽ ടാറ്റൂ ചെയ്യുക എന്നിവ ഇവർ ചെയ്‌തിരുന്നു എന്ന് ട്രിച്ചി കോർപറേഷൻ അധികൃതർ കണ്ടെത്തി. ഹരിഹരന്റെ കണ്ണിൽ നീലനിറത്തിൽ ടാറ്റു ചെയ്‌തിട്ടുണ്ട്. മുംബയിൽ പോയി രണ്ട് ലക്ഷം മുടക്കിയാണ് ഹരിഹരൻ കണ്ണിൽ ടാറ്റു ചെയ്‌തത്.
നാവ് ഇത്തരത്തിൽ മുറിക്കുന്നത് ന്യൂറോ സംബന്ധമായ പ്രശ്‌നങ്ങൾ, പേശീക്ഷയം, അണുബാധ എന്നിവയ്‌ക്ക് വഴി തെളിച്ചേക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മുഖത്തും ചുണ്ടിലുമടക്കം ഇത്തരത്തിൽ തുളച്ച് ടാറ്റൂ ചെയ്യുന്നത് മോണയ്‌ക്ക് ക്ഷതം, നാവിന് പരിക്ക്, അണുബാധ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാം എന്നും ഇവർ സൂചന നൽകുന്നു.