
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവി (സി.ഡി.എസ്) ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയെ ഹെലികോപ്റ്റർ അപകടം മാനുഷിക പിഴവ് മൂലമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച ലോക്‌സഭയിൽ സമർപ്പിച്ച പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
എയർക്രൂവിന്റെ ഭാഗത്ത് നിന്നുള്ള പിഴവാണ് അപകടത്തിലേക്ക് നയിച്ചത്. കാലാവസ്ഥ അപ്രതീക്ഷിതമായി മോശമായതും മേഘങ്ങൾ കാരണം പൈലറ്റിന്റെ കാഴ്ച മറഞ്ഞതും ഹെലികോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചു.
2021 ഡിസംബർ 8ന് തമിഴ്നാട്ടിൽ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിലെ വനമേഖലയിലാണ് റാവത്തും സംഘവും സഞ്ചരിച്ചിരുന്ന എം.ഐ. 17 വി 5 ഹെലികോപ്റ്റർ തകർന്ന് വീണത്. കോയമ്പത്തൂരിനടുത്തെ സുലൂർ സൈനികത്താവളത്തിൽ നിന്ന് വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലേക്ക് പറന്നുയർന്നതിന് പിന്നാലെയായിരുന്നു അപകടം.
2017-2022 കാലയളവിൽ റാവത്തിന്റേത് അടക്കം മിലിട്ടറി വിമാനങ്ങൾ ഉൾപ്പെട്ട 34 വ്യോമയാന അപകടങ്ങൾ രാജ്യത്തുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 19 എണ്ണം എയർ ക്രൂവിന്റെ ഭാഗത്ത് നിന്നുള്ള പിഴവ് മൂലമാണ്.