
അമരാവതി: സ്വന്തം പേരിലെത്തിയ പാഴ്സൽ തുറന്ന ആന്ധ്രാ സ്വദേശി നാഗതുളസി ഞെട്ടി. ഒരു പുരുഷന്റെ മൃതദേഹം. ഒപ്പം 1.3 കോടി രൂപ ആവശ്യപ്പെട്ടുള്ള ഭീഷണിക്കത്തും. വ്യാഴാഴ്ച രാത്രി വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. വീട്
നിർമ്മാണത്തിനായി നാഗതുളസി ക്ഷത്രിയ സേവ സമിതിയിൽ സഹായം തേടിയിരുന്നു. ഇതിന്റെ ഭാഗമായി വീടിനുള്ള ടൈൽ സമിതി എത്തിച്ചുനൽകി. വീണ്ടും സഹായം തേടിയ നാഗതുളസിയ്ക്ക് ലൈറ്റുകൾ, ഫാനുകൾ, സ്വിച്ചുകൾ എന്നിവ എത്തിക്കുമെന്നുള്ള വാട്സാപ്പ് സന്ദേശം ലഭിച്ചു. വ്യാഴാഴ്ച ഒരു വലിയ പെട്ടിയുമായെത്തിയ ആൾ വൈദ്യുതോപകരണങ്ങളാണെന്ന് അറിയിച്ചു. നാഗതുളസി പെട്ടി സ്വീകരിക്കുകയും ചെയ്തു. പിന്നീട് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഇതോടെ പരിഭ്രാന്തരായ നാഗതുളസിയും കുടുംബവും പൊലീസിൽ അറിയിച്ചു.
പൊലീസെത്തി പരിശോധിക്കുകയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അന്വേഷണം ആരംഭിച്ചു. മൃതദേഹത്തോടൊപ്പമുള്ള കത്തിൽ ഒരു കോടി മുപ്പത് ലക്ഷം നൽകണമെന്നും ഇല്ലെങ്കിൽ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നുമാണ് എഴുതിയിരുന്നത്. ക്ഷത്രിയ സേവ സമിതിയുടെ പ്രതിനിധികളെ ചോദ്യം ചെയ്‌തേക്കും. 45 വയസു തോന്നിക്കുന്നയാളുടെ നാലോ അഞ്ചോ ദിവസം പഴക്കമുള്ള മൃതദേഹമാണ് പെട്ടിയിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. കാണാതായ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.