
കോഴിക്കോട്: സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ക്ളാസെടുക്കുന്ന സർക്കാർ, എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് പിടിവീഴും. ക്രിസ്മസ് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് വിജിലൻസ് വിഭാഗം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ഇക്കാര്യത്തിലും പരിശോധനയുണ്ടാകും.
സർക്കാർ ശമ്പളംപറ്രുന്ന ചില ഹയർ സെക്കൻഡറി അദ്ധ്യാപകരടക്കം പണംവാങ്ങി സ്വകാര്യ ട്യൂഷൻ സെന്ററുകളിൽ ക്ളാസെടുക്കുന്നുണ്ട്. പല പ്രശസ്തമായ സ്വകാര്യ കോച്ചിംഗ് സെന്ററുകളിലടക്കം പേരെടുത്ത അദ്ധ്യാപകർക്ക് വൻ ഡിമാന്റാണ്. ശനി, ഞായർ ദിവസങ്ങളിലാണ് ഇവരുടെ ക്ലാസുകൾ. ഈ ദിവസങ്ങളിൽ ഏഴ് മണിക്കൂർ വരെ ക്ളാസെടുക്കുന്ന അദ്ധ്യാപകരുണ്ട്.
മണിക്കൂർ കണക്കാക്കിയാണ് ഇവർക്ക് പ്രതിഫലം നൽകുന്നത്. വിദഗ്ദ്ധരായ അദ്ധ്യാപകർക്ക് മണിക്കൂറിന് 1500 രൂപവരെ പ്രതിഫലം നൽകുന്ന കോച്ചിംഗ് സെന്ററുകളുണ്ട്. പിടിവീഴാതിരിക്കാൻ അവിടത്തെ രേഖകളിൽ ഇവരുടെ പേരുകൾക്ക് പകരം ഭാര്യയുടേയോ ബന്ധുക്കളുടേയോ പേരുകളാകും എഴുതിയിരിക്കുക. ഇക്കാര്യമടക്കം വിജിലൻസ് വിഭാഗം പരിശോധിക്കും.
ഇത്തരക്കാരെ പൂട്ടുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കേരളകൗമുദിയോട് പറഞ്ഞു. ചോദ്യപ്പേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ പരിധിയിൽ സർക്കാർ ശമ്പളം വാങ്ങുന്ന അദ്ധ്യാപകരെക്കൂടി ഉൾപ്പെടുത്തും.