
തിരുവനന്തപുരം: കേരള സർക്കാർ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയും അൺസ്റ്റോപ്പും സംയുക്തമായി ടെക്‌പ്രേമികൾക്കായി 'ഐ.സി.ടി.എ.കെ. ടെകാത്‌ലോൺ 2024' മത്സരം സംഘടിപ്പിക്കുന്നു. നൂതന ആശയങ്ങൾ, സർഗ്ഗാത്മകത, സഹകരണം എന്നിവ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത മത്സരം, ടെക്‌നോളജിയിൽ പ്രതിഭ തെളിയിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച വേദിയാണ്. നൂതന ആശയ സമർപ്പണം, പ്രശ്നപരിഹാരം, കോഡ് ഗോള്ഫ്, ടെക് ക്വിസ് എന്നീ ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർക്ക് 2025 ജനുവരി 08 വരെ ശേി്യൗൃഹ.രീാ/ലേരവമവേഹീി24 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.
ഐ.സി.ടി. അക്കാദമിയുടെ 'ഇക്‌സെറ്റ് 2024'ൽ പങ്കെടുത്തവർക്ക് രജിസ്‌ട്രേഷൻ സൗജന്യമാണ്. മറ്റുള്ളവർക്ക് 599 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. ഒരു മാസം നീണ്ടു നിൽക്കുന്ന ആദ്യപാദ മത്സരങ്ങൾക്ക് ശേഷം ഫെബ്രുവരി രണ്ടാം വാരം കൊച്ചിയിൽ ഗ്രാൻഡ് ഫിനാലെയോടെ ടെകാത്‌ലോൺ സമാപിക്കും.
ആകെ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക. 50,000 രൂപയാണ് ഒന്നാം സമ്മാനം. റണ്ണർഅപ്പ്, സെക്കണ്ട് റണ്ണർഅപ്പ്, മികച്ച പ്രൊജക്ടിനും എന്നിവർക്കും ക്യാഷ് പ്രൈസ് ലഭിക്കും. പുതുതലമുറയിലെ ടെക് ലീഡർമാരെ ശാക്തീകരിക്കുന്നതിനായി അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് വിഭാവനം ചെയ്ത വേദിയാണ് ടെകാത്‌ലോണെന്ന് ഐ.സി.ടി.എ.കെ. സി.ഇ.ഒ. മുരളീധരൻ മന്നിങ്കൽ അഭിപ്രായപ്പെട്ടു. നവീകരണത്തിന്റെയും സാങ്കേതികവിദ്യയുടെയും ആഘോഷമാണ് ടെകാത്‌ലോൺ. ലോകം നേരിടുന്ന പ്രശനങ്ങൾക്ക് നൂതന പരിഹാരം വിഭാവനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഡവലപ്പർമാർക്കും ആശയങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമെന്ന നിലയിൽ ടെകാത്‌ലോൺ ഏറെ ശ്രദ്ധേയമാകുമെന്നും അദ്ദേഹം പറഞ്ഞു.