
ആലപ്പുഴ: വീടെന്ന മോഹം പൂർത്തിയാകാതെ ടെന്റിൽ കഴിഞ്ഞിരുന്ന സഹപാഠിക്ക് സ്വപ്നക്കൂടൊരുക്കി പൂർവവിദ്യാർത്ഥി കൂട്ടായ്മ. തണ്ണീർമുക്കം ഗവ. ജി.എച്ച്.എസ്.എസിലെ 1990 എസ്.എസ്.എൽ.സി ബാച്ചാണ് സൗഹൃദത്തിന്റെ അതുല്യ മാതൃകയായത്. രോഗിയായ ഭർത്താവിനും മകനുമൊപ്പം പുത്തൻ വീട്ടിൽ താമസമാക്കിയ കണ്ണങ്കര സ്വദേശി സിനിമോൾക്ക് പകരം നൽകാൻ ആനന്ദക്കണ്ണീർ മാത്രം...
കഴിഞ്ഞ ജൂണിൽ നടന്ന പൂർവവിദ്യാർത്ഥി സംഗമമാണ് നിമിത്തമായത്. ഒരു വർഷം മുമ്പ് ജി.എച്ച്.എസ്.എസ് 1990 ബെസ്റ്റ് ഫ്രണ്ട്സ് എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയാണ് സഹപാഠികളെ ഒരുമിപ്പിച്ചത്. സ്വദേശത്തും വിദേശത്തുമുള്ള തൊണ്ണൂറോളം പേർ ഗ്രൂപ്പിലുണ്ട്.
കൂട്ടായ്മയുടെ ആദ്യസംഗമത്തിൽ സിനിമോളുടെ വീട് പൂർത്തീകരണം സജീവ ചർച്ചയായി. സിനിമോൾ പങ്കെടുത്തിരുന്നില്ല.
പ്രധാനമന്ത്രി ആവാസ് യോജന വഴി ലഭിച്ച നാല് ലക്ഷവും വായ്പയെടുത്ത രണ്ട് ലക്ഷവും കൊണ്ട് സിനിമോൾ അഞ്ചു വർഷം മുമ്പ് വീട് വാർത്തിട്ടു. പൂർത്തിയാക്കാൻ കാശില്ലാതെ വന്നതോടെ, സമീപത്തെ ടെന്റിൽ താമസം തുടർന്നു. ടെന്റ് കെട്ടാനും ചില സുമനസുകൾ സഹായിച്ചിരുന്നു.
ഹൃദ്റോഗിയാണ് ഭർത്താവ് ബൈജു. മൈക്ക് സെറ്റ് സഹായിയായി പോകും. സിനിമോൾ ചേർത്തലയിൽ വീട്ടുജോലി ചെയ്യുന്നുണ്ട്. ഈ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞു പോരുന്നത്. മകൻ ആര്യൻ പ്ളസ് വൺ വിദ്യാർത്ഥിയാണ്.
വന്ദനത്തിൽ 29ന്
ഒത്തുചേരൽ
ആദ്യഘട്ടമായി, വീടിന് സിമന്റ് പൂശിക്കൊടുക്കാനായിരുന്നു സൗഹൃദ കൂട്ടയ്മയെടുത്ത തീരുമാനം. എന്നാൽ, സംഭാവന ദിവസങ്ങൾക്കുള്ളിൽ നാലുലക്ഷം രൂപയായതോടെ വീട് പൂർത്തീകരിക്കാൻ പറ്റുമെന്നായി. രണ്ടരമാസം കൊണ്ട് 550 ചതുരശ്ര അടിയിൽ സുന്ദരമായൊരു വീടായി. നാട്ടിലുള്ള അംഗങ്ങൾ നിർമ്മാണ മേൽനോട്ടം വഹിച്ചു. വീടിന് വന്ദന നിവാസ് എന്ന് പേരുമിട്ടു. ഈ മാസം 14ന് ഗൃഹപ്രവേശവും നടത്തി. 29ന് സഹപാഠികൾ വന്ദനത്തിൽ ഒത്തുകൂടും.