
ലണ്ടൻ: ത്രില്ലർ ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് വീഴ്‌ത്തി ടോട്ടൻഹാം ഹോട്ട്‌സ്‌പർ ലീഗ് കപ്പിന്റെ സെമി ഫൈനലിൽ കടന്നു. ഡൊമിനിക്ക് സോളങ്കി ടോട്ടനത്തിനായി ഇരട്ടഗോളുകൾ നേടി. കുളുസേവ്‌സ്‌കിയും സൺ ഹ്യൂഗ് മിന്നും ഓരോ ഗോൾ വീതം വീഴ്‌ത്തി. സിർക്‌സി, അമാദ്, ജോണി ഇവാൻസ് എന്നിവർ യുണൈറ്റഡിനായി ലക്ഷ്യം കണ്ടു.
15-ാം മിനിട്ടിൽ റീബൗണ്ട് ഗോളാക്കി സോളങ്കി ടോട്ടനത്തിന് ലീഡ് നൽകി. 46-ാം മിനിട്ടിൽ കുളുസേവ്‌സ്‌കിയിലൂടെ ലീഡുയർത്തിയ ടോട്ടനം 54-ാം മിനിട്ടിൽ യുണൈറ്റഡ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് സോളങ്കി നേടിയ ഗോളിലൂടെ 3-0ത്തിന് മുന്നിലെത്തി.എന്നാൽ ടോട്ടനം ഗോൾ കീപ്പർ ഫ്രേസർ ഫോർസ്റ്റർ വരുത്തിയ പിഴവുകൾ മുതലാക്കി 63-ാം മിനിട്ടിൽ സിർക്‌സിയും 70-ാം മിനിട്ടിൽ അമാദും നേടിയ ഗോളുകളിലൂടെ യുണൈറ്റഡ് 3-2 എന്ന നിലയിൽ മത്സരമാക്കി. എന്നാൽ 88-ാം മിനിട്ടിൽ സൺ കോർണർ നേരിട്ട് ഗോളാക്കി ടോട്ടനത്തിന്റെ ലീഡുയർത്തി മത്സരം തങ്ങൾക്കനുകൂലമെന്ന് ഉറപ്പിച്ചു. ഇടത്തേ കോണർ ഫ്ലാഗിനരികി നിന്ന് സൺ എടുത്ത കിക്ക് വായുവിൽ വളഞ്ഞ് യുണൈറ്റഡ് ഗോൾ കീപ്പർ ബയിൻഡിറിനെ നിഷ്പ്രഭനാക്കി വലയിൽ കയറുകയായിരുന്നു. ഇഞ്ചുറി ടൈമിൽ (90+4) അമാദെടുത്ത കോർണർ ഹെഡ്ഡ് ചെയ്ത് ഇവാൻസ് യുണൈറ്റഡിന്റെ മൂന്നാം ഗോൾ നേടി. തുടർന്ന് യുണൈറ്റഡിനെ ഗോളടിപ്പിക്കാതെ തടഞ്ഞ് ടോട്ടനം സെമിയിലേക്ക് ടിക്കറ്റെടുത്തു.