sbi

മുംബയ്: ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ. ഡീപ് ഫേക്ക് വീഡിയോ വഴിയുള്ള തട്ടിപ്പിനെ കുറിച്ചാണ് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നത്. എസ്ബിഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഡീപ് ഫേക്ക് ചെയ്ത് വീഡിയോ നിര്‍മിച്ചാണ് പുതിയ തട്ടിപ്പ് നടത്തുന്നതെന്നാണ് ഉപഭോക്താക്കളോട് ബാങ്ക് പറയുന്നത്. ഇത്തരം തട്ടിപ്പില്‍ പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും എസ്ബിഐ നിര്‍ദേശിക്കുന്നു.

സമൂഹ മാദ്ധ്യമങ്ങളില്‍ എസ്ബിഐയുടെ ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ വമ്പന്‍ വരുമാനം നല്‍കുന്ന നിക്ഷേപ പദ്ധതികളെ പരിചയപ്പെടുത്തികൊണ്ടുള്ളതാണ്. അതേസമയം ബാങ്കിനോ ഉദ്യോഗസ്ഥര്‍ക്കോ ഈ പദ്ധതികളുമായി ബന്ധമില്ലെന്ന് എസ്ബിഐ വ്യക്തമാക്കി. ഈ വീഡിയോകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി എക്സില്‍ ഒരു കുറിപ്പും എസ്ബിഐ പങ്കിട്ടിട്ടുണ്ട്.

വമ്പന്‍ വരുമാനവും അതോടൊപ്പം ഭാവി സുരക്ഷിതമാക്കുന്ന പ്ലാനുകളും എന്ന പേരില്‍ വരുന്ന ഓഫറുകള്‍ പണം തട്ടാനുള്ള വഴിയായിട്ടാണ് സംഘം ഉപയോഗിക്കുന്നത്. ബാങ്ക് സംബന്ധമായ പദ്ധതികള്‍ അറിയാന്‍ അടുത്തുള്ള ബ്രാഞ്ചിനെ സമീപിക്കുന്നതാകും ഉചിതം. എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഡിപ് ഫേക്ക് വീഡിയോകള്‍ നിര്‍മിക്കുന്നതും വ്യാപകമായി തട്ടിപ്പിന് ഉപയോഗിക്കുന്നതും. നിരവധി പ്രമുഖരുടെ പേരില്‍ ഡീപ് ഫേക് വീഡിയോകള്‍ നേരത്തെ പ്രചരിച്ചിരുന്നു.