pic

 43 വർഷത്തിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം

ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈറ്റിലേക്ക് തിരിക്കും. കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ - അഹ്‌മ്മദ് അൽ - ജാബർ അൽ - സബാഹിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. 43 വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിലെ നാഴികക്കല്ലായാണ് മോദിയുടെ സന്ദർശനത്തെ കാണുന്നത്. കുവൈറ്റ് അംഗമായ ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലുമായുള്ള (ജി.സി.സി) ഇന്ത്യയുടെ ബന്ധം ശക്തമാക്കാനും സന്ദർശനം വഴിയൊരുക്കും. കുവൈറ്റിലെ ലേബർ ക്യാമ്പ് സന്ദർശിക്കുന്ന മോദി ഇന്ത്യൻ തൊഴിലാളികളെ കാണും. ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും. ഇന്ന് തുടങ്ങുന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ അമീറിന്റെ പ്രത്യേക അതിഥിയായി മോദി പങ്കെടുക്കും. അമീറിന്റെ ഔദ്യോഗിക വസതിയായ ബയാൻ പാലസിൽ മോദിക്ക് ഔദ്യോഗിക സ്വീകരണം നൽകും. അമീറിനെ കൂടാതെ കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ - ഖാലിദ് അൽ - സബാഹ്,​ പ്രധാനമന്ത്രി അഹ്‌മ്മദ് അൽ-അബ്ദുള്ള അൽ-സബാഹ് എന്നിവരുമായി ഊർജ്ജം,​ നിക്ഷേപം,​ വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ മോദി ചർച്ച നടത്തും. മോദിക്കായി കിരീടാവകാശി പ്രത്യേക വിരുന്നൊരുക്കും.

 കുവൈറ്റ് അടുത്ത പങ്കാളി

 കുവൈറ്റ് ഇന്ത്യയുടെ ദീർഘകാല പങ്കാളി

 ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങൾ, ശക്തമായ സാമ്പത്തിക വിനിമയം.

 ഇന്ത്യ കുവൈറ്റിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്ന്

 2023-2024ൽ ഇരുരാജ്യങ്ങൾക്കുമിടെയിലെ ഉഭയകക്ഷി വ്യാപാരം 1000 കോടി ഡോളറിലധികം

 ക്രൂഡ് ഓയിലും എൽ.പി.ജിയും വിതരണം ചെയ്യുന്ന കുവൈറ്റ് ഇന്ത്യയുടെ വിശ്വസനീയ ഊർജ്ജ പങ്കാളി

 ഇന്ത്യയിലെ കുവൈറ്റ് നിക്ഷേപങ്ങൾ സാമ്പത്തിക ബന്ധം ശക്തമാക്കും

 10 ലക്ഷത്തോളം ഇന്ത്യക്കാർ കുവൈറ്റിൽ ജോലി ചെയ്യുന്നു

 വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആഗസ്റ്റിൽ കുവൈറ്റ് സന്ദർശിച്ചു. ഈ മാസം ആദ്യം കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അൽ ഹയ്യ ഇന്ത്യയിലെത്തി. സെപ്‌തംബറിൽ റിയാദിൽ നടന്ന ഇന്ത്യ - ജി.സി.സി ചർച്ചയ്ക്കിടെയും ഇരുവരും കൂടിക്കാഴ്ച നടത്തി