
അബുദാബി: പുതുവര്‍ഷത്തോട് അനുബന്ധമായി പൊതു അവധി പ്രഖ്യാപിച്ച് യുഎഇ. ജനുവരി ഒന്നിന് ആണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ മാനവ വിഭവ ശേഷി മന്ത്രാലയത്തിന് കീഴിലുള്ള യുഎഇ ഫെഡറല്‍ അതോറിറ്റിയാണ് അവധി അറിയിപ്പ് പുറപ്പെടുവിച്ചത്. രാജ്യത്തെ പൊതുമേഖലയ്ക്കും ഒപ്പം സ്വകാര്യ മേഖലയ്ക്കും പുതുവര്‍ഷ ദിനത്തില്‍ അവധിയായിരിക്കും.അതേസമയം, രാജ്യത്തെ സ്‌കൂളുകള്‍, ക്രിസ്മസ്-പുതുവത്സര അവധിക്കായി അടച്ചിട്ടിരിക്കുകയാണ്.
രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് വിവിധ കലാ-സാംസ്‌കാരിക പരിപാടികളും കരിമരുന്ന് പ്രയോഗവും സംഘടിപ്പിക്കും. പ്രവാസി മലയാളികളുടെ വിവിധ സംഘടനകളും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വിവിധ തരത്തിലുള്ള പരിപാടികളും കൂട്ടായ്മകളും സംഘടിപ്പിക്കുന്നുണ്ട്. സമാനതകളില്ലാത്ത ആഘോഷങ്ങളുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ദുബായ് ഗ്ലോബല്‍ വില്ലേജ്. ഈ മാസം 31-ന് രാത്രി എട്ടിനും ജനുവരി ഒന്നിന് പുലര്‍ച്ചെ ഒരു മണിയ്ക്കുമിടയില്‍ ഏഴുതവണ കരിമരുന്ന് പ്രയോഗമുണ്ടാകും.
രാത്രി എട്ട്, ഒന്‍പത്, 10, 10.30, 11, 12, ഒരു മണി എന്നീ സമയങ്ങളിലാണ് ആകാശത്ത് വര്‍ണങ്ങള്‍ വിരിയുക. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി 31-ന് വൈകുന്നേരം് നാല് മണി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകരെ അനുവദിക്കും.പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഡി.ജെ. പ്രകടനങ്ങള്‍ ഉള്‍പ്പടെ വ്യത്യസ്തമാര്‍ന്ന ഒട്ടേറെ വിനോദ പരിപാടികളുമുണ്ടാകും. 21 മീറ്റര്‍ ഉയരമുള്ള ക്രിസ്മസ് ട്രീ, സാന്താ ക്ലോസ്, വര്‍ണവെളിച്ചങ്ങള്‍ എന്നിവയും ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്.