
തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഡിസംബർ 31 ന് രാവിലെ 5.30 നു ഗുരുദേവ മഹാസമാധിയിൽ നിന്നും അലങ്കരിച്ച ഗുരുദേവ റിക്ഷയ്ക്ക് സന്യാസിമാരും പീതാംബരധാരികളായ പദയാത്രികരും തീർത്ഥാടകരും അകമ്പടി സേവിച്ച് തീർത്ഥാടന ഘോഷയാത്ര പുറപ്പെടും.
ഘോഷയാത്ര ശിവഗിരിയിൽ തിരിച്ചെത്തിയ ശേഷം നടക്കുന്ന തീർത്ഥാടക മഹാസമ്മേളന ഉദ്ഘാടന ചടങ്ങിൽ സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനാവും. സ്വാമി സൂക്ഷ്മാനന്ദയും സ്വാമി ശാരദാനന്ദയും അനുഗ്രഹ പ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി വി.എൻ. വാസവൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ഉച്ചയ്ക്ക് 2 ന് കൃഷി,കൈത്തൊഴിൽ, വ്യവസായം,ടൂറിസം സമ്മേളനം കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5 ന് ഈശ്വരഭക്തി സർവ്വമതസമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ അദ്ധ്യക്ഷനാവും. രാത്രി 12 ന് മഹാസമാധിയിൽ പുതുവത്സര പൂജയും സമൂഹപ്രാർത്ഥനയും നടക്കും.
ജനുവരി ഒന്നിന് രാവിലെ 8ന് മഹാസമാധിയിൽ ഗുരുദേവ പ്രതിമാ പ്രതിഷ്ഠാദിന വിശേഷാൽ പൂജകൾ ന.10 ന് വിദ്യാർത്ഥി -യുവജന സമ്മേളനം കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. കർണാടക നിയമസഭാ സ്പീക്കർ യു.ടി. ഖാദർ മുഖ്യാതിഥിയാവും . എ.എ.റഹീം എം.പി, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല എന്നിവർ മുഖ്യപ്രസംഗങ്ങൾ നടത്തും. ഉച്ചയ്ക്ക് 2 ന് സാഹിത്യസമ്മേളനം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷനാവും. വൈകിട്ട് 5് കേന്ദ്രമന്ത്രി ജോർജ് കുര്യൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി. അദ്ധ്യക്ഷത വഹിക്കും
തീർത്ഥാടന ദിവസങ്ങളിൽ രാത്രി വൈവിദ്ധ്യമാർന്ന കലാപരിപാടികളുമുണ്ടാവും.
തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി, മീഡിയ കമ്മിറ്റി ചെയർമാൻ ഡോ. ജയരാജു, പ്രോഗ്രാം കോ -ഓർഡിനേറ്റർ ഡോ. എസ്. ജയപ്രകാശ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.