pic

ക്വാലാലംപ്പൂർ: പത്ത് വർഷം മുമ്പ് പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്തിന് സമീപം അപ്രത്യക്ഷമായ മലേഷ്യൻ എയർലൈൻസ് വിമാനമായ എം.എച്ച് 370 നായി അന്വേഷണം പുനഃരാരംഭിക്കാൻ മലേഷ്യൻ സർക്കാർ.

ഇതിനായി യു.എസ് ആസ്ഥാനമായുള്ള സമുദ്ര പര്യവേക്ഷണ സ്ഥാപനമായ ഓഷൻ ഇൻഫിനിറ്റിയുമായി 7 കോടി ഡോളറിന്റെ കരാറിന് മലേഷ്യൻ ക്യാബിനറ്റ് തത്വത്തിൽ അംഗീകാരം നൽകി. വിമാന അവശിഷ്ടം കണ്ടെത്തുമ്പോൾ മാത്രമേ കമ്പനിക്ക് പണം നൽകൂ. അടുത്ത വർഷം ആദ്യം കരാറിന് അന്തിമ അംഗീകാരം ലഭിച്ചേക്കും. തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ 15,000 ചതുരശ്ര കിലോമീറ്റർ കേന്ദ്രീകരിച്ചാണ് തെരച്ചിൽ.

അന്വേഷണം തുടരണമെന്ന് കാട്ടി കാണാതായവരുടെ ബന്ധുക്കൾ മലേഷ്യൻ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു. 2017 ജനുവരിയിലാണ് വിമാനത്തെ കണ്ടെത്താനുള്ള ഔദ്യോഗിക അന്വേഷണം അവസാനിച്ചത്. ഒരു വർഷത്തിന് ശേഷം സ്വകാര്യ പങ്കാളിത്തത്തോടെ ആറ് മാസം നീണ്ട തെരച്ചിൽ നടന്നെങ്കിലും ഫലമുണ്ടായില്ല.

2014 മാർച്ച് 8ന് മലേഷ്യയിലെ ക്വാലാലംപ്പൂരിൽ നിന്ന് ചൈനയിലെ ബീജിംഗിലേക്ക് 239 യാത്രികരുമായി പറന്ന എം.എച്ച് 370 ഒരു മണിക്കൂറിനുള്ളിൽ ആശയവിനിമയം വിച്ഛേദിക്കപ്പെട്ട് കാണാതാവുകയായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ എം.എച്ച് 370നായി വിവിധ രാജ്യങ്ങൾ ലക്ഷക്കണക്കിന് ഡോളർ ചെലവിട്ട് അന്വേഷണം നടത്തിയെങ്കിലും വിഫലമായി.

2016 മുതൽ മഡഗാസ്‌കറിന് കിഴക്കും പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലും വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. ചിലത് എം.എച്ച് 370ന്റേത് തന്നെയാകാമെന്ന് വിശ്വസിക്കുന്നു. ഏതായാലും വിമാനത്തിന് എന്തു സംഭവിച്ചെന്ന് ഇന്നും വ്യക്തമല്ല.