
ഫറ്റോർഡ: ഐ.എസ്.എല്ലിൽ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്‌സിന്റെ വിജയക്കുതിപ്പിന് തടയിട്ട് ഗോവ എഫ്.സി. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോവ ബഗാനെ വീഴ്‌ത്തിയത്. ഇരട്ടഗോളുകളുമായി തിളങ്ങിയ ബ്രിസൺ ഫെർണാണ്ടസാണ് ഗോവയുടെ വിജയ ശില്പി. പെനാൽറ്രിയിൽ നിന്ന് ദിമിത്രി പെട്രാറ്റോസാണ് ബഗാനായി സ്‌കോർ ചെയ്‌തത്. തുടർച്ചയായ നാല് വിജയങ്ങൾക്ക് ശേഷമാണ് ലീഗിൽ ബഗാൻ തോൽവി വഴങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്.സിയോട് സമനിലയിൽ കുരങ്ങിയ ഗോവയ്ക്ക് വിജയവഴിയിലേക്കുള്ള തിരിച്ചുവരാവായി ഈ ജയം. 12 മത്സരങ്ങളിൽ നിന്ന് 22 പോയിന്റായ ഗോവ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. തോറ്റെങ്കിലും ഇത്രയും മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള ബഗാന ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഗോവയുടെ തട്ടകമായ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 12-ാം മിനിട്ടിൽ തന്നെ ഫെർണാണ്ടസ് ആതിഥേയരെ മുന്നിലെത്തിച്ചു. ബോർജ ഹെരേരയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.
ഇടവേളയ്ക്ക് പിരിയുമ്പോൾ ഗോവയ്ക്ക് ഈ ഗോളിന്റെ ലീഡുണ്ടായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ 55-ാം മിനിട്ടിൽ കിട്ടിയ പെനാൽറ്റി ഗോളാക്കി പെട്രാറ്റോസ് ബഗാന് സമനില സമ്മാനിച്ചു. അവസാന നിമിഷങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള ബഗാനെ ഞെട്ടിച്ച് വീണ്ടും ബോർജയുടെ പാസിൽ നിന്ന് ഫെർണാണ്ടസ് ഗോവയുടെ വിജയ ഗോൾ നേടുകയായിരുന്നു.