gulf

ഗള്‍ഫ് എന്ന് കേട്ടാല്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക സമ്പുഷ്ടമായ എണ്ണപ്പാടങ്ങളും പ്രവാസികളുമാണ്. ഗള്‍ഫ് മേഖല ഇന്ന് കൈവരിച്ചിരിക്കുന്ന സാമ്പത്തിക നേട്ടങ്ങള്‍ക്ക് രണ്ടും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ഗള്‍ഫ് മേഖലയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് വൈറ്റ് ഗോള്‍ഡ് എന്ന് അറിയപ്പെടുന്ന ലിഥിയത്തിന്റെ വന്‍ ശേഖരം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടാണ്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സൗദി അറേബ്യയുടെ ഉടമസ്ത്ഥതയിലുള്ള അരാംകോയുടെ എണ്ണപ്പാടത്തില്‍ ലിഥിയത്തിന്റെ വന്‍ ശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്.

ഇതിന്റെ ഖനനത്തിനായി വ്യാവസായിക അടിസ്ഥാനത്തില്‍ പര്യവേഷണം ആരംഭിക്കാനായി ഒരുങ്ങുകയാണ് സൗദി അറേബ്യ. എണ്ണ ഇതര വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സൗദിയുടെ നീക്കത്തിന് വന്‍ മുതല്‍ക്കൂട്ടായിരിക്കും ലിഥിയം ശേഖരം കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ കിംഗ് അബ്ദുള്ള യൂണിവേഴ്സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ലിഥിയം ഇന്‍ഫിനിറ്റായാണ് ഖനനത്തിന് നേതൃത്വം നല്‍കുന്നത്. പുതുതായി രൂപപ്പെടുത്തിയ അതിനൂതന സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.

നിലവില്‍ ലോകരാജ്യങ്ങളിലെ ലിഥിയം ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ചൈന, ചിലി, ഓസ്‌ട്രേലിയ, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളാണ്. ലോകത്തിന്റെ പുതിയ രീതിയായി മാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍ ലിഥിയം പവേര്‍ഡ് ആണ്. ഇത്കൂടാതെ ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍ എന്നിവയുടെ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററികള്‍ നിര്‍മിക്കാനാണ് പ്രധാനമായും ലിഥിയം ഉപയോഗിക്കുന്നത്.

പരമ്പരാഗത രീതിയേക്കാള്‍ എണ്ണപ്പാടങ്ങളില്‍ നിന്നും ലിഥിയം വേര്‍തിരിച്ചെടുക്കുന്നത് വളരെ ചെലവേറിയ പ്രക്രിയയാണ്. എന്നാലും വരും കാലങ്ങളില്‍ ലിഥിയത്തിന്റെ ആവശ്യകത കൂടുമെന്നും വന്‍ വില കിട്ടുമെന്നുമാണ് സൗദിയുടെ പ്രതീക്ഷ. പെട്രോള്‍, ഡീസല്‍ പോലുള്ള ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടപടി സ്വീകരിക്കുന്നത്. ഇന്ധനത്തെ ആശ്രയിച്ചുള്ള സമ്പദ്ഘടനയായ സൗദി പോലുള്ള രാജ്യങ്ങള്‍ക്ക് ഈ നീക്കം തിരിച്ചടിയാകുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ലിഥിയം ശേഖരം കണ്ടെത്തിയിരിക്കുന്നത്.