bcci

മുംബയ്: ലോകത്തിലെ ഏറ്റവും ധനികരായ ക്രിക്കറ്റ് ബോര്‍ഡ് ആണ് ബിസിസിഐ ( ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ). മറ്റൊരു രാജ്യത്തിനും സമീപഭാവിയില്‍ ഇന്ത്യയെ ഇക്കാര്യത്തില്‍ മറികടക്കാന്‍ കഴിയാത്ത അത്രയും സമ്പത്താണ് ബിസിസിഐയുടെ കൈവശമുള്ളത്. ബോര്‍ഡിന്റെ കരുതല്‍ ധനത്തില്‍ ഈ സാമ്പത്തികവര്‍ഷം വന്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 16,493 കോടി രൂപയായിരുന്നു കരുതല്‍ ധനം.

ഏറ്റവും പുതിയ കണക്ക് അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 4200 കോടിയുടെ വര്‍ദ്ധനവാണ് ഈ തുകയില്‍ ഉണ്ടായിരിക്കുന്നത്. കൈവശമുള്ള പണം, ബാങ്ക് ബാലന്‍സ് എന്നിവയും ചേര്‍ത്ത് 20686 കോടി രൂപയാണ് ബിസിസിഐയുടെ കൈവശമുള്ളത്. ഏകദേശം 4,200 കോടി രൂപയുടെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് മുന്‍ സെക്രട്ടറി ജയ് ഷാ അറിയിച്ചു. 202425 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വരുമാനം 10,054 കോടി രൂപയാണെന്നും പ്രതീക്ഷിക്കുന്ന ചെലവ് 2,348 കോടി രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ നടന്ന അപെക്സ് കൗണ്‍സില്‍ യോഗത്തില്‍, മുന്‍ ബിസിസിഐ സെക്രട്ടറി ബോര്‍ഡിന്റെ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ വിശദമാക്കി. 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വരുമാനം 7,476 കോടി രൂപയായി കണക്കാക്കിയപ്പോള്‍, യഥാര്‍ത്ഥ വരുമാനം പ്രതീക്ഷകളെ മറികടന്ന് 8,995 കോടി രൂപയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. പൊതു ഫണ്ട് 6,365 കോടി രൂപയില്‍ നിന്ന് 7,988 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 1,623 കോടി രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

ഇന്ത്യയുടെ ഈ വന്‍ സാമ്പത്തിക ശക്തി തന്നെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിലും മറ്റ് ബോര്‍ഡുകള്‍ക്കിടയിലും ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം ലഭിക്കുന്നതിന് പിന്നില്‍. പാകിസ്ഥാന്‍ വേദിയാകുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ ടീമിനെ അയക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയപ്പോള്‍ ആദ്യം പിടിവാശി കാണിച്ച പാകിസ്ഥാന് ഒടുവില്‍ ഹൈബ്രിഡ് മോഡലിന് വഴങ്ങേണ്ടിവന്നതും ഇന്ത്യയുമായി മുട്ടിനില്‍ക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ തന്നെയാണ്.