
ബാങ്കോക്ക്: 'ബുവാ നോയ്"...കുഞ്ഞ് താമര എന്നർത്ഥം. തായ്‌ലൻഡിലെ ഒരേയൊരു ഗോറില്ലയാണ് ബുവാ നോയ്. തലസ്ഥാനമായ ബാങ്കോക്കിലെ പട്ടാ മൃഗശാലയിലെ കോൺക്രീറ്റ് കൂടിനുള്ളിലാണ് ബുവാ നോയ് വർഷങ്ങളായി ജീവിക്കുന്നത്. ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട ഗോറില്ലയെന്ന് അറിയപ്പെടുന്ന ബുവാ നോയ് തന്റെ 36-ാമത്തെ ക്രിസ്മസ് ആണ് കൂട്ടിൽ ഒറ്റയ്ക്ക് ചെലവഴിക്കാനൊരുങ്ങുന്നത്. 1988 മുതൽ ബുവാ നോയ് മൃഗശാലയിലെ കൂട്ടിലാണ്. ഒരു ഷോപ്പിംഹ് മാളിന്റെ ആറും ഏഴും നിലകളിലായിട്ടാണ് പട്ടാ മൃഗശാല ക്രമീകരിച്ചിട്ടുള്ളത്. അതിനാൽ ഇവിടെ കൂട്ടിലടയ്ക്കപ്പെട്ട ജീവികളുടെ മോചനത്തിനായി ലോകമെമ്പാടുമുള്ള സെലിബ്രിറ്റികൾ അടക്കം രംഗത്തെത്തിയിട്ടുണ്ട്. ബുവാ നോയ്‌യെ വനത്തിൽ സ്വതന്ത്രമാക്കണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്. ആഫ്രിക്കയിൽ കാണുന്ന ഗോറില്ലകൾക്ക് ഒറ്റപ്പെട്ട് ജീവിക്കുന്ന സ്വഭാവമില്ല. ഗ്രൂപ്പുകളായാണ് ഇവയുടെ വാസം. എന്നാൽ മൂന്നാം വയസിൽ ജർമ്മനിയിൽ നിന്ന് തായ്‌ലൻഡിലെത്തിച്ച ബുവാ നോയ്‌യുടെ സ്ഥിതി മറിച്ചാണ്. ഈസ്റ്റേൺ ഗോറില്ലകളുടെ ശരാശരി ആയുസ് 40 ആണെന്നിരിക്കെ ബുവാ നോയ്‌യുടെ ജീവിതം കൂടിനുള്ളിൽ തന്നെ അവസാനിക്കുമോ എന്ന ഭീതിയിലാണ് പരിസ്ഥിതി പ്രവർത്തകർ. ബുവാ നോയ് അടക്കം മൃഗശാലയിലെ ജീവികളുടെ അവസ്ഥ മോശമാണെന്ന ആരോപണം മൃഗശാല അധികൃതർ തള്ളുന്നു. 7.4 കോടി രൂപയ്ക്ക് ബുവാ നോയ്‌യെ മോചിപ്പിക്കാൻ മൃഗശാല തയ്യാറാണെന്നും പറയുന്നു. എന്നാൽ ഇത്തരം ചർച്ചകളൊന്നും നടന്നിട്ടില്ല. ഇത്രയും കാലം കൂട്ടിൽ വളർന്നതിനാൽ ബുവാ നോയ്ക്ക് പുതിയ ഒരു അന്തരീക്ഷവുമായി ഇണങ്ങാൻ സാധിക്കുമോ എന്നും സംശയമുണ്ട്. രോഗാണുക്കളെ പ്രതിരോധിക്കാൻ ബുവാ നോയ്‌യ്ക്ക് കഴിഞ്ഞേക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.