pic

ലണ്ടൻ: ഒരു മുട്ട ലേലത്തിൽ വിറ്റത് 21,000 രൂപയ്ക്ക് (200 പൗണ്ട്) ! സംഭവം സത്യമാണ്. ഇംഗ്ലണ്ടിലെ ബെർക്ക്ഷെയറിലാണ് സംഭവം. സാധാരണ മുട്ടകളിൽ നിന്ന് വ്യത്യസ്ഥമായുള്ള 'പെർഫക്ട് " ഗോളാകൃതിയാണ് ഈ മുട്ടയെ സെലിബ്രിറ്റിയാക്കിയത്. ഗോളാകൃതിയിലുള്ള മുട്ടകളുണ്ടാകുന്നത് അത്യപൂർവ്വമാണ്.

100 കോടിയിൽ ഒരു മുട്ടയിൽ മാത്രമേ ഈ അപൂർവ്വത പ്രകടമാകൂ എന്നാണ് കരുതുന്നത്. ബെർക്ക്ഷെയറിലെ ലോംബോൺ സ്വദേശിയായ എഡ് പൗനൽ എന്നയാൾ ലുവെന്റാസ് ഫൗണ്ടേഷൻ എന്ന ചാരിറ്റി സംഘടനയ്ക്ക് സൗജന്യമായി നൽകിയ മുട്ടയാണിത്.

പൗനൽ 150 പൗണ്ടിനാണ് (16,000 രൂപ) ഈ മുട്ട ഒരു ലേല സ്ഥാപനത്തിൽ നിന്ന് ആദ്യം വാങ്ങിയത്. തുടർന്ന് ലുവെന്റാസ് ഫൗണ്ടേഷന് ദൗനം ചെയ്തു. കൗതുകം തോന്നിയാണ് പൗനൽ ആദ്യം മുട്ട ഉയർന്ന തുകയ്ക്ക് വാങ്ങിയത്. സ്കോട്ട്ലൻഡിലെ ഒരു സ്ത്രീ തനിക്ക് സൂപ്പർ മാർക്കറ്റിൽ നിന്ന് ലഭിച്ച മുട്ട ലേല സ്ഥാപനത്തിന് കൈമാറുകയായിരുന്നു.

പൗനലിന്റേത് തമാശയാണെന്നാണ് ലുവെന്റാസ് ഫൗണ്ടേഷൻ ആദ്യം കരുതിയത്. എന്നാൽ മുട്ടയുടെ അപൂർവ്വത തിരിച്ചറിഞ്ഞതോടെ അവർ ലേലം ചെയ്യുകയായിരുന്നു. ഇതിന് മുമ്പും ഇത്തരം മുട്ടകൾ ഉയർന്ന തുകയ്ക്ക് ലേലം ചെയ്തിട്ടുണ്ട്.