fishermen

ചെന്നൈ: നടുക്കടലിൽ മത്സ്യത്തൊഴിലാളികൾക്ക് നേരെ ആക്രമണം. തമിഴ്‌നാട്ടിൽ നിന്നുപോയ മത്സ്യത്തൊഴിലാളികളാണ് ആക്രമിക്കപ്പെട്ടത്. ശ്രീലങ്കൻ കടൽക്കൊള്ളക്കാരാണ് ഇവരെ ആക്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ നാഗപട്ടണം സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു.

വിജയകുമാർ എന്നയാളുടെ ബോട്ടാണ് ആക്രമിക്കപ്പെട്ടത്. രാജ്‌ കുമാർ, രാജേന്ദ്രൻ, നാഗലിംഗം എന്നിവരാണ് ആക്രമണത്തിനിരയായത്. കൊള്ളക്കാർ വലയും ജിപിഎസ് ഉപകരണങ്ങളും മോഷ്ടിച്ചുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് പരാതി. കൊള്ളക്കാരുടെ ആക്രമണത്തിൽ തലയ്ക്ക് വെട്ടേറ്റ രാജേന്ദ്രൻ, രാജ് കുമാർ എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

കഴിഞ്ഞ ഓഗസ്റ്റിലും സമാന രീതിയിൽ നാഗപട്ടണം സ്വദേശികളായ നാലുപേർ ശ്രീലങ്കൻ കടൽകൊള്ളക്കാരുടെ ആക്രമണത്തിനിരയായിരുന്നു. കൊടിയക്കരയ്ക്ക് സമീപം നടുക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന അറുക്കാട്ടുതുറയ് സ്വദേശികളായ ശിവശങ്ക‌ർ, രാജഗോപാൽ, ധനശേഖരൻ, സെൽവ കൃഷ്ണ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.

നാല് ബോട്ടുകളിലായി എത്തിയ കൊള്ളക്കാർ ഇവരിൽ നിന്ന് 700 കിലോ മീൻവല, ജിപിഎസ് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, സ്വർണമാലകൾ, മോതിരങ്ങൾ തുടങ്ങിയവ മോഷ്ടിച്ചു. മത്സ്യത്തൊഴിലാളികൾക്കുനേരെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടണമെന്ന ആവശ്യം ഉയരുകയാണ്.