
കൊല്ലം: വനിതാ എസ്‌ഐ മർദ്ദിച്ചെന്ന പരാതിയുമായി യുവതി. കൊല്ലം പരവൂർ സ്വദേശിനിയാണ് പരാതി നൽകിയത്. സംഭവത്തിൽ വനിതാ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐക്കെതിരെ പരവൂർ പൊലീസ് കേസെടുത്തു. പരാതിയിൽ യുവതിയുടെ ഭർത്താവായ എസ്‌ഐ, ഭർതൃവീട്ടുകാർ എന്നിവർക്കെതിരായും കേസ് എടുത്തിട്ടുണ്ട്.
വർക്കല എസ്‌ഐ അഭിഷേക്, സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ ആശ എന്നിവർക്കെതിരായാണ് യുവതിയുടെ പരാതിയിൽ കേസ് എടുത്തത്. ഭർത്താവുമായി താമസിച്ചിരുന്ന വീട്ടിൽവച്ച് വനിതാ എസ്‌ഐ മർദ്ദിച്ചെന്നാണ് പരാതിയിലുള്ളത്. ആശ വീട്ടിൽ വരുന്നത് യുവതി എതിർത്തതാണ് പ്രകോപനത്തിന് കാരണം. വീട്ടിൽക്കയറി മർദ്ദിച്ചിട്ടും സംഭവസമയം അവിടെയുണ്ടായിരുന്ന ഭർത്താവും ഭർത്തൃവീട്ടുകാരും നോക്കിനിന്നുവെന്നും യുവതി ആരോപിക്കുന്നു. സ്‌ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
തനിക്ക് ആപത്ത് വരുമെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് പൊലീസിൽ പരാതി നൽകിയതെന്നാണ് യുവതി പറയുന്നത്. തന്റെ അച്ഛനെയും അനുജത്തിയെയും കള്ളക്കേസിൽ കുടുക്കി തന്റെ ജീവിതം നശിപ്പിക്കുമെന്നും ഭയന്നു. 100 പവൻ സ്വർണവും അഞ്ചുലക്ഷം രൂപയും കാറുമാണ് വീട്ടുകാർ സ്‌ത്രീധനമായി നൽകിയത്. ഇപ്പോഴത്തെ വീടും അച്ഛൻ വാങ്ങി നൽകിയതാണ്. എന്നാൽ ഇപ്പോൾ ഭർത്താവ് പറയുന്നത് തന്നെക്കാൾ നല്ല പെണ്ണിനെ കിട്ടുമായിരുന്നു എന്നാണ്. വലിയ വീട്ടിൽ നിന്ന് ജോലിയുള്ള പെണ്ണിനെ കിട്ടുമായിരുന്നു എന്ന് പറഞ്ഞ് ഭർത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും യുവതി പറയുന്നു.