cinema-theatre

ന്യൂ‌ഡൽഹി: ഫ്ലെക്‌സി ഷോ സംവിധാനം അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ മൾട്ടിപ്ലക്‌സ് ശൃംഖലയായ പിവിആർ ഇനോക്‌സ്. ഇതിലൂടെ ഒരാൾ സിനിമ നടക്കുന്നതിനിടെ ഇറങ്ങി പോയാലും, ആ സിനിമ കണ്ടിരുന്ന സമയത്തിന് മാത്രം പണം നൽകിയാൽ മതി. ഒടിടി കാലത്ത് തങ്ങൾ കാണുന്ന കണ്ടന്റിന് മുകളിൽ ഉപയോക്താവിന് നിയന്ത്രണം നൽകുന്ന സംവിധാനം ബിഗ് സ്‌ക്രീനിലും നൽകാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് പിവിആർ ഇനോക്‌സ് സിഇഒ വിശദീകരിച്ചു.

'ഫ്ലെക്‌സി ഷോകൾ പ്രേക്ഷകർക്ക് അവർ കാണുന്നതിന് മാത്രം പണം നൽകാനുള്ള സൗകര്യം ഒരുക്കുന്നു. ഒരു ഉപയോക്താവ് എന്ത് കാരണത്താലും ഒരു സിനിമയുടെ ഇടയിൽ ഇറങ്ങി പോവുകയാണെങ്കിൽ, അവരിൽ നിന്നും സിനിമ കണ്ട സമയത്തിന്റെ പണം മാത്രമേ ഈടാക്കുകയുള്ളു. ടിക്കറ്റിന്റെ മുഴുവൻ പണവും നൽകേണ്ടതില്ല. ഒടിടിയിലും ഉപയോക്താക്കളുടെ നിയന്ത്രണത്തിൽ കണ്ടന്റ് ലഭിക്കുന്ന കാലത്ത് തീയേറ്റർ കണ്ടന്റിലെ കർശന നിയമങ്ങൾ ലഘൂകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു' - പിവിആർ ഇനോക്‌സ് അറിയിച്ചു.

ആദ്യ ഘട്ടത്തിൽ ഡൽഹിയിലും ഗുരുഗ്രാമിലുമാണ് ഫ്ലെക്‌സി ഷോകൾ അവതരിപ്പിച്ചത്. രണ്ടാം ഘട്ടത്തിൽ നിരവധി നഗരങ്ങളിൽ ഈ സേവനം ലഭ്യമാകും. കഴിഞ്ഞ നാല് മാസമായി ഈ പദ്ധതി ട്രയൽ റൺ നടത്തുകയാണെന്നും, അതിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ വളരെ പോസിറ്റീവാണെന്നും പിവിആർ അറിയിച്ചു.

അതേസമയം, ടിക്കറ്റ് നിരക്കിൽ പത്ത് ശതമാനം അധികം പ്രീമിയം അടച്ചാൽ മാത്രമാണ് പ്രേക്ഷകർക്ക് ഫ്ലെക്‌സി ഷോ ഫീച്ചർ തിരഞ്ഞെടുക്കാൻ കഴിയുക. ഉപയോക്താവ് സിനിമ ഇടയ്‌ക്ക് ഉപേക്ഷിച്ചാൽ റീഫണ്ട് ചെയ്യേണ്ട തുക കണക്കാക്കുവാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പിവിആർ അറിയിച്ചു.