
മെക്സിക്കോ സിറ്റി: ലോക പ്രശസ്ത റെസ്ലിംഗ് താരം റേ മിസ്റ്റീരിയോ സീനിയർ അന്തരിച്ചു. മിഗൽ ഏഞ്ചൽ ലോപ്പസ് ഡയാസ് എന്നാണ് യഥാർത്ഥ പേര്. 66 വയസായിരുന്നു. ഇന്നലെയാണ് മരണവാർത്ത കുടുംബം സ്ഥിരീകരിച്ചത്. ഡബ്ള്യു ഡബ്ള്യു ഇ സൂപ്പർതാരം റേ മിസ്റ്റീരിയോ ജൂനിയറിന്റെ അമ്മാവനാണ്.
മെക്സിക്കൻ പ്രൊഫഷണൽ റെസ്ലിംഗ് മത്സരമായ ലുച്ച ലിബ്രയിലൂടെയാണ് മിസ്റ്റീരിയോ സീനിയർ പ്രശസ്തി നേടിയത്. പലവർണങ്ങളിലെ മാസ്ക് ധരിച്ച്, ഏരിയൽ പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നവരാണ് ലുച്ച ലിബ്ര താരങ്ങൾ. ലോക റെസ്സിംഗ് അസോസിയേഷൻ, ലുച്ച ലിബ്ര എഎഎ വേൾഡ്വൈഡ് എന്നിവ സംഘടിപ്പിച്ച മത്സരങ്ങളിൽ റേ ചാമ്പ്യനായിരുന്നു. വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്ലിംഗ് സ്റ്റാർകേഡ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങളിലെ പ്രകടനം ലോകപ്രശസ്തനാക്കി. വളരെ ഉയരത്തിൽ പറന്നുവന്ന് എതിരാളികളെ ആക്രമിക്കുന്ന രീതിയാണ് റേയെ ആരാധകർക്കിടയിൽ പ്രിയങ്കരനാക്കിയത്.
ലുച്ച ലിബ്ര എഎഎയാണ് റേയുടെ മരണവാർത്ത പുറത്തുവിട്ടത്. 'റേ മിസ്റ്റീരിയോ സീനിയർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മിഗൽ ഏഞ്ചൽ ലോപ്പസ് ഡയാസിന്റെ മരണത്തിൽ അതീവ ദുഃഖം അറിയിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു'- എന്നാണ് ലുച്ച ലിബ്ര എഎഎ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.
Lamentamos el sensible fallecimiento de Miguel Ángel López Días, conocido como Rey Mysterio Sr.
— Lucha Libre AAA Worldwide (@luchalibreaaa) December 20, 2024
Enviamos nuestro más sincero pésame a sus seres queridos y elevamos nuestras oraciones al cielo por su eterno descanso. pic.twitter.com/xnvqSndotS