മഹാരാഷ്ട്രയിലെ അമരാവതിയിലാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. സുഹൃത്തുക്കളായ നവീൻ റാക്കിയും ശുഭവും അദ്ദേഹത്തിനൊപ്പമുണ്ട്. അമരാവതിയിലെ സ്നേക്ക് റെസ്‌ക്യൂവർ ആണ് ശുഭം. അദ്ദേഹത്തിന് കാൾ വന്നതനുസരിച്ചാണ് മൂന്നുപേരും സ്ഥലത്തെത്തിയത്.

അനക്‌വാടി എന്ന ഗ്രാമത്തിലെ കൃഷിയിടത്തോട് ചേർന്ന ഷെഡിനുള്ളിൽ രണ്ട് പാമ്പുകളെ കണ്ടു എന്നാണ് വിളിച്ചയാൾ പറഞ്ഞത്. സ്ഥലത്തെത്തിയ വാവാ സുരേഷും കൂട്ടരും പാമ്പിനെ കണ്ട സ്ഥലത്ത് തെരയാൻ തുടങ്ങി. രണ്ട് പാമ്പുകളെയാണ് അവർക്ക് കിട്ടിയത്. കേരളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഇനം പാമ്പായിരുന്നു അത്. ഇന്ത്യയിൽ തന്നെ ചില സംസ്ഥാനങ്ങളിൽ മാത്രം അപൂർവമായി കാണുന്ന 'ഇന്ത്യൻ എഗ്ഗ് ഈറ്റർ' ഇനത്തിൽപ്പെട്ട പാമ്പായിരുന്നു അത്.

പക്ഷിയുടെ മുട്ടകൾ മാത്രം കൂടുതൽ കഴിക്കുന്ന സവിശേഷതയുള്ള ഇനമാണ്. ഭ്രൂണ വളർച്ച ഇല്ലാത്ത പക്ഷിമുട്ടകളെ മാത്രമാണ് ഇവ ഭക്ഷിക്കുന്നത്. സവിശേഷവും പ്രത്യേകവുമായ ഭക്ഷണക്രമം കാരണം ഈ പാമ്പുകളെ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ ഒന്നിന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

രാത്രി കാലങ്ങളിലാണ് ഇവ കൂടുതലായും സഞ്ചരിക്കുന്നത്. മരത്തിന്റെ വിടവുകളിലാണ് താമസം. മഹാരാഷ്‌ട്രയിലെ ഒമ്പത് ജില്ലകളിലാണ് ഈ പാമ്പിനെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കാണുക അപൂർവയിനം പാമ്പുകളെ പരിചയപ്പെടുത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

snake-master