barack-obama

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ 2024ലെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാം സ്ഥാനത്ത് മലയാളികളുടെ അഭിമാന ചിത്രം. ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിച്ച പായൽ കപാഡിയ ചിത്രം 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ആണ് പട്ടികയിൽ ഒന്നാമത്. കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാന്റ് പ്രീ പുരസ്‌കാരം നേടിയ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളി നടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ്.

'ഈ വർഷം കാണാൻ ഞാൻ ശുപാർശ ചെയ്യുന്ന ചില സിനിമകൾ ഇതാ' എന്ന തലക്കെട്ടോടെയാണ് പത്ത് ചിത്രങ്ങൾ ഒബാമ പങ്കുവച്ചത്.

  1. ഓൾ വി ഇമാജിൻ ആസ് ലൈറ്റ്
  2. കോൺക്ളേവ്
  3. ദി പിയാനോ ലെസൺ
  4. ദി പ്രോമിസ്‌ഡ് ലാൻഡ്
  5. ദി സീഡ് ഒഫ് ദി സേക്രെഡ് ഫിഗ്
  6. ഡ്യൂൺ: പാർട്ട് 2
  7. അനോറ
  8. ദിദി
  9. ഷുഗർകേൻ
  10. എ കംപ്ളീറ്റ് അൺനോൺ

എന്നീ ചിത്രങ്ങളാണ് 2024ലെ തന്റെ പ്രിയപ്പെട്ട സിനിമകളായി ഒബാമ പങ്കുവച്ചത്. 2024ലെ തന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളും, പുസ്‌തകങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിന് രണ്ട് ഗോൾഡൻ ഗ്ലോബ് നോമിനേഷനുകളാണ് ലഭിച്ചത്. മികച്ച ഇംഗ്ളീഷിതര ഭാഷാചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടത്. മുംബൈ സ്വദേശിയായ പായൽ, സംവിധാന വിഭാഗത്തിൽ നോമിനേഷൻ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്. വിജയികളെ ജനുവരി ആറിന് പ്രഖ്യാപിക്കും. മുംബൈയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർ വ്യക്തി ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളും മാറ്റങ്ങളും ചിത്രീകരിച്ച ഹിന്ദിയിലും മലയാളത്തിലുമായി പുറത്തിറങ്ങിയ ചിത്രം അന്താരാഷ്ട്ര വേദികളിലടക്കം പ്രശംസ നേടിയിരുന്നു.