mukesh-ambani

ഇന്നത്തെ ശതകോടീശ്വരൻമാരായ മുകേഷ് അംബാനിയേക്കാളും ഇലോൺ മസ്‌കിനേക്കാളും ജെഫ് ബെസോസിനേക്കാളും സമ്പന്നയായ ഒരു സ്ത്രീയുണ്ടായിരുന്നു പണ്ട്. ആരാണത് എന്നല്ലേ? ലോകത്തിലെ ഏറ്റവും ധനികയായ ചക്രവർത്തിനി എന്ന് വിശേഷിപ്പിക്കുന്ന വു സെറ്റിയാൻ ആണത്.


മസ്‌ക് അടക്കമുള്ള ശതകോടീശ്വരന്മാർ വാർത്തകളിൽ ഇടം നേടുന്നതിന് വളരെ മുമ്പുതന്നെ, ടാങ് രാജവംശത്തിലെ വു സെറ്റിയാന്റെ അമ്പരപ്പിക്കുന്ന സമ്പത്തിനെക്കുറിച്ച് റിപ്പോർട്ടുകൾ വന്നിരുന്നു. പുരാതന ചരിത്രമെടുത്താൽ, ഒരാൾക്ക് നേടാവുന്നതിന്റെ അങ്ങേയറ്റം സൗഭാഗ്യങ്ങൾ അവർക്ക് ലഭിച്ചു.

താങ് രാജവംശത്തിലെ ശക്തയായ നേതാവായിരുന്നു അവർ. റിപ്പോർട്ടുകൾ പ്രകാരം അവരുടെ ആസ്തി ഏകദേശം 16 ട്രില്യൺ യുഎസ് ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു. ടാങ് രാജവംശത്തിൽ (എ.ഡി. 618 -907) എഡി 690 മുതൽ 705 വരെയാണ് വു സെറ്റിയാൻ അധികാരക്കസേരയിലിരുന്നത്. തന്ത്രപരമായ നീക്കങ്ങളിലൂടെ സമ്പത്ത് പലമടങ്ങ് വർദ്ധിപ്പിക്കാൻ അവർക്ക് സാധിച്ചു.


ലോകത്തിലെ ഏറ്റവും വലുതും സമ്പന്നവുമായ ഒരു സാമ്രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിൽ, അവരുടെ സ്വാധീനം രാഷ്ട്രീയം, വ്യാപാരം, സാംസ്‌കാരിക വികസനം എന്നിവയുൾപ്പെടെ പല മേഖലകളിൽ വ്യാപിച്ചു. തന്റെ ഭരണം ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയ സഖ്യങ്ങൾ സുരക്ഷിതമാക്കുന്നതിനും തന്റെ പാരമ്പര്യം ഉറപ്പിക്കുന്നതിനുമായി വു സെറ്റിയാൻ സമ്പത്ത് ഉപയോഗിച്ചു.


ചരിത്രകാരന്മാർ പലപ്പോഴും കൗശലക്കാരിയും തന്ത്രശാലിയുമായ ഭരണാധികാരിയായിട്ടാണ് ചക്രവർത്തി വു സെറ്റിയാനെ ചരിത്രകാരന്മാർ വിശേഷിപ്പിച്ചത്. അധികാരത്തിൽ തന്റെ സ്വാധീനം ഉറപ്പിക്കുന്നതിനായി ക്രൂരമായ തന്ത്രങ്ങൾ വരെ അവർ പ്രയോഗിച്ചിട്ടുണ്ട്.

വിവാദപരമായ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നെങ്കിലും സെറ്റിയാന്റെ നേതൃത്വം ടാങ് രാജവംശത്തിന് വലിയ രീതിയിൽ നേട്ടങ്ങൾ കൊണ്ടുവന്നു. ഏകദേശം 15 വർഷം നീണ്ട ഭരണത്തിനിടെ ചൈനീസ് സാമ്രാജ്യം മദ്ധ്യേഷ്യയിലേക്ക് വ്യാപിപ്പിക്കാനടക്കം അവർക്ക് കഴിഞ്ഞു. അവരുടെ ഭരണത്തിന് കീഴിൽ, ചൈനീസ് സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധി പ്രാപിച്ചു.