
അബോർഷനായ വിവരം വെളിപ്പെടുത്തി നടിയും മോഡലുമായ സാംഭവ്ന സേത്തും ഭർത്താവ് അവിനാഷ് ദ്വിവേദിയും. യൂട്യൂബിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഗർഭസ്ഥ ശിശുവിനെ നഷ്ടമായ വിവരം ദമ്പതികൾ പങ്കുവച്ചിരിക്കുന്നത്. ഏറെ ആകാംഷയോടെയാണ് കുഞ്ഞിന്റെ വരവിനായി കാത്തിരുന്നതെന്നും എന്നാൽ അതിന് യോഗമുണ്ടായില്ലെന്നും ഇരുവരും വെളിപ്പെടുത്തി.
'കഴിഞ്ഞ കുറേക്കാലമായി ഞങ്ങൾ ഈ അവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നു. വീണ്ടും അത് സംഭവിച്ചു. സാംഭവ്ന ഗർഭിണിയായിരുന്നു. ഇത് അവളുടെ മൂന്നാം മാസമായിരുന്നു. ഇന്ന് സ്കാൻ ചെയ്ത ശേഷം എല്ലാവരെയും ഇക്കാര്യം അറിയിക്കാനും പദ്ധതിയിട്ടു. എല്ലാം ശരിയാകുകയാണെന്ന് തോന്നി. പ്രഗ്നൻസി ജേർണി വിജയം കാണുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. മുമ്പ് സ്കാൻ ചെയ്തപ്പോൾ കുഞ്ഞിന്റെ ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. എന്നാൽ ഇത്തവണത്തെ സാകാനിംഗിൽ അതുണ്ടായില്ല. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ആർക്കും നിർണ്ണയിക്കാൻ കഴിഞ്ഞില്ല.'- അവിനാഷ് ദ്വിവേദി പറഞ്ഞു.
വീഡിയോയിൽ നടിയും വളരെയേറെ വികാരാധീനയായിരുന്നു. കുഞ്ഞിനുവേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്തെന്നും അവർ കണ്ണീരോടെ വെളിപ്പെടുത്തി. മൂന്ന് മാസത്തിനിടെ 65 കുത്തിവയ്പ്പുകൾഎടുക്കേണ്ടിവന്നുവെന്ന് നടി പറയുന്നു. 'ഇത്രയും കുത്തിവയ്പ്പുകൾ എടുക്കേണ്ടി വരുമെന്ന് എനിക്കറിയില്ലായിരുന്നു. അത് വളരെ വേദനാജനകമായിരുന്നു. എങ്കിലും ഞാൻ എല്ലാം ചെയ്തു. കുഞ്ഞിനെ കിട്ടാൻ വേണ്ടി സാദ്ധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നു.'- സാംഭവ്ന സേത്ത് വ്യക്തമാക്കി.
'അത് അവൾക്ക് വളരെ വേദനാജനകമായിരുന്നു. രണ്ട് മൂന്ന് തവണ കുത്തിവയ്പെടുത്ത ദിവസങ്ങളുണ്ട്. ഞങ്ങൾക്ക് ഇരട്ടക്കുട്ടികളുണ്ടാകുമെന്ന് കരുതി.'-ദമ്പതികൾ പറഞ്ഞു. നിരവധി തവണ ഐ വി എഫ് ചികിത്സ പരാജയപ്പെട്ടതിന് ശേഷമാണ് നടി ഗർഭിണിയായത്. എന്നാൽ കുഞ്ഞിനെ നഷ്ടമാകുകയും ചെയ്തു.