merikkutty

കട്ടപ്പന: ഭർത്താവിന് പലവട്ടം സഹകരണബാങ്കിൽ പോയി കരഞ്ഞ് ഇറങ്ങിവരേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെന്ന് കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബുവിന്റെ ഭാര്യ മേരിക്കുട്ടി. പണം ആവശ്യപ്പെട്ടപ്പോൾ ബാങ്കിലുളളവർ പലപ്പോഴായി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ ബാങ്കിൽ നിന്നും വെറും 80,000 രൂപ മാത്രമാണ് ലഭിച്ചതെന്നും മേരിക്കുട്ടി പറഞ്ഞു. സാബു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

'ബാങ്കിൽ 2007 മുതൽക്കേ ഞങ്ങൾ പണം നിക്ഷേപിക്കുമായിരുന്നു. സൊസൈറ്റിയിൽ ജോലിയുള്ള ഒരു സ്ത്രീ ഭർത്താവിനോട് കുറച്ച് നിക്ഷേപം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന സമയത്ത് സാബു പൈസ കൊടുത്തു. എല്ലാ പണവും അവിടെയായിരുന്നു. കഞ്ഞിക്കുഴിയിലെ സ്ഥലം വിറ്റ് പണം കൊടുക്കേണ്ട ആവശ്യം വന്നപ്പോൾ ബാങ്കിൽ പോയിരുന്നു. പണം തരാൻ സാധിക്കില്ലെന്നാണ് അപ്പോൾ സെക്രട്ടറി പറഞ്ഞത്.

പത്ത് ലക്ഷം രൂപയുടെ ആവശ്യമുണ്ടായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് അഡ്വാൻസ് കൊടുക്കാനായി പണം തന്നു. പിന്നീട് മുഴുവൻ തുക കൊടുക്കേണ്ട സമയമായപ്പോഴേയ്ക്കും ബാങ്കിൽ നിന്നും പണം കിട്ടാത്ത അവസ്ഥയായി. അങ്ങനെ പലതവണ ബാങ്കിൽ പോയി തിരിച്ച് കരഞ്ഞുകൊണ്ട് വരേണ്ട ഗതിയായി. അഞ്ച് ലക്ഷം രൂപ വീതം എല്ലാം മാസവും തരാമെന്ന് ബോർഡ് അംഗങ്ങൾ പറഞ്ഞു. ഒരു മാസം കഴിഞ്ഞപ്പോൾ അഞ്ച് ലക്ഷം തരാൻ കഴിയില്ലെന്നും പണമെല്ലാം ലോൺ ആയി കിടക്കുവാണെന്നും അവർ പറഞ്ഞു.

പിന്നീട് മാസംതോറും മൂന്ന് ലക്ഷം വീതം തരാമെന്ന് പറഞ്ഞു. ജനുവരിയിൽ മൂന്ന് ലക്ഷം തന്നു. പിന്നീട് ഒരു ലക്ഷവും പലിശയും തരാമെന്ന് ബോർഡിലുളളവർ പറഞ്ഞു. അതും കൃത്യസമയത്ത് തന്നിട്ടില്ല. അവർ ഞങ്ങളെ അതുപോലെ ഉപദ്രവിച്ചിട്ടുണ്ട്. ചിലപ്പോൾ അവർ കടയിൽ വന്ന് പൈസ ഉണ്ടാകില്ലെന്ന് പറയും. ഒന്നര വർഷമായി സഹിക്കുന്നു.

എനിക്ക് ഓപ്പറേഷൻ ചെയ്യേണ്ട അവസ്ഥ വന്നു. ഇൻഷൂറൻസ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. അത് കിട്ടിയില്ല. രണ്ട് ലക്ഷം രൂപയെങ്കിലും ശസ്ത്രക്രിയ്ക്ക് വേണം. മകൾ പോയി അപേക്ഷിച്ചപ്പോൾ 40,000 രൂപ തന്നു. പിന്നീട് ഒരു 40,000 കൂടി തന്നു. എൺപതിനായിരം രൂപ കൊണ്ട് എന്ത് ചെയ്യാനാണ്? ബാക്കി പണവും അടയ്ക്കണം. ഇതിന് രാവിലെ പത്ത് മണിക്ക് ചെന്നപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത്. ബിനോയ് എന്ന വ്യക്തി, പോടാ പുല്ലേ എന്നുപറഞ്ഞ് തള്ളിവിട്ടെന്ന് സാബു ഞങ്ങളോട് പറഞ്ഞു. അവരുടേൽ പണമുണ്ട്. പക്ഷെ അവർ പിടിച്ചുവയ്ക്കുകയാണെന്ന് സാബു പറഞ്ഞിരുന്നു.

അഡ്ജസ്റ്റ് ചെയ്യൂവെന്ന് സെക്രട്ടറി പറഞ്ഞു. ട്രാപ്പിൽ പെട്ടെന്ന് കരഞ്ഞുകൊണ്ട് സാബു പറഞ്ഞു. ബാങ്കിലുളളവർക്കെല്ലാം അംഗങ്ങൾക്കെല്ലാം അറിയാം. ജോയി വെട്ടിക്കുഴി സാറിനെ പോയി കാണാമെന്ന് മരിക്കുന്നതിന് മുൻപ് സാബു പറഞ്ഞിരുന്നു. സ്ഥാപനം നശിക്കരുതെന്ന് കരുതി ഞാനാണ് എല്ലാവരും അറിയുമെന്ന് പറഞ്ഞ് ഇത്തിരി കൂടി കാത്തിരിക്കാമെന്ന് പറഞ്ഞത്. ഇങ്ങനെ പെട്ടുപോയവ‌ർ വേറെയുമുണ്ട്. ആ ബാങ്കിന്റെ പേര് കളയല്ലേ എന്ന് തലേദിവസവും ഞാൻ പറഞ്ഞിട്ടാണ് ആളെ കൂട്ടി പോകാതിരുന്നത്. രണ്ട് പിള്ളേരുണ്ട്. അവ‌ർ വേദനിച്ച് കഴിയുകയാണ്. ഇനിയാർക്കും ഇത്തരം ഒരു അവസ്ഥ ഉണ്ടാകരുത്'- മേരിക്കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സാബു സിപിഎം ഭരിക്കുന്ന കട്ടപ്പന സഹകരണബാങ്കിന് മുൻപിൽ ജീവനൊടുക്കിയത്. സാബുവിന്റെ മൃതദേഹത്തിൽ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിരുന്നു. ജീവനക്കാർ അപമാനിച്ചെന്നും പിടിച്ചുതളളിയും അസഭ്യം പറഞ്ഞും മടക്കി അയച്ചെന്നുമാണ് കുറിപ്പിൽ പറയുന്നത്.