tp-senkumar

തിരുവനന്തപുരം: 2005ൽ എംജി കോളേജിൽ നടന്ന പൊലീസും വിദ്യാർത്ഥികളുമായുള്ള ഏറ്റുമുട്ടലിൽ പൊലീസുകാരനെ തനിക്ക് കൈയേറ്റം ചെയ്യേണ്ടി വന്നത് വലിയൊരു അപകടം ഒഴിവാക്കാൻ വേണ്ടി ആയിരുന്നെന്ന് ടി.പി സെൻകുമാർ. വിദ്യാർത്ഥികളെ മർദ്ദിക്കരുതെന്ന് ഐജിയായിരുന്ന തന്റെ ഉത്തരവുണ്ടായിട്ടും അത് പാലിക്കാത്തതാണ് പൊലീസുകാരന് നേരെ സെൻകുമാർ പരസ്യമായി ശാസിക്കാൻ ഇടയായത്. എന്നാൽ അതുമാത്രമല്ല കാരണം എന്നും സെൻകുമാർ പറയുന്നു.

''ആ കുട്ടിയെ തല്ലിയതിന് മാത്രമായിരുന്നില്ല അന്ന് പൊലീസുകാരനെ വഴക്ക് പറഞ്ഞത്. ആ ബിൽഡിംഗിന്റെ മൂന്നാമത്തെ നിലയിൽ കുറേ കുട്ടികൾ നിലത്തു ചാടാൻ തയ്യാറായി നിൽക്കുവായിരുന്നു. അങ്ങനെ സംഭവിച്ചാൽ ഒന്നു രണ്ടുപേർ മരിക്കുകയോ അല്ലെങ്കിൽ സീരിയസായിട്ടുള്ള പരിക്ക് പറ്റുകയോ ചെയ്യുമായിരുന്നു. അതിനും കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവിടെ പൊലീസ് കയറി കുറച്ചുകുട്ടികൾ മൂന്നാമത്തെ നിലയിൽ നിന്നും ചാടിയ സംഭവമുണ്ടായിരുന്നു. വളരെ ഗുരുതരമായ പരിക്ക് അന്ന് അവർക്ക് പറ്റിയിരുന്നു.

നമ്മുടെ ഉത്തരവ് ലംഘിച്ച് തെറ്റായ കാര്യം ചെയ‌്ത ഉദ്യോഗസ്ഥനെ പിടിക്കുക മാത്രമല്ല മറ്റു കുട്ടികളെ രക്ഷപ്പെടുത്താൻ വേണ്ടി കൂടി ചെയ്‌തതാണ്. അന്നത്തെ കോളേജ് സംഭവം എന്റെ പത്താമത്തെ കോളേജ് അനുഭവമാണ്. ലാ ആന്റ് ഓർഡർ എന്ന് പറയുന്നത് 60 ശതമാനവും നമ്മുടെ സ്വന്തം പൊലീസിനെ കൺട്രോൾ ചെയ്യുക എന്നതാണ്. 40 ശതമാനം മാത്രമാണ് മറ്റുള്ളവരെ നിയന്ത്രിക്കാൻ ഉപയോഗിക്കേണ്ടി വരിക. അങ്ങനെയാണെങ്കിൽ നമ്മൾ വിജയിക്കും. ''- സെൻകുമാറിന്റെ വാക്കുകൾ.