
ഇളയ സഹോദരിയുടെ ചെറിയ സ്വർണ കമ്മൽ പണയം വച്ചുകിട്ടിയ 400രൂപയും പോക്കറ്റിൽ വച്ച് പ്രാരാബ്ദ്ധങ്ങളുടെ ഭാണ്ഡക്കെട്ടുമായി പീരുമേട്ടിൽ നിന്ന് എറണാകുളത്തേയ്ക്ക് വണ്ടികയറിയ ആൽബിൻ ആന്റണിയെന്ന യുവാവിനെ ഒന്നരപതിറ്റാണ്ടിന് ശേഷം കേരളത്തിലെ മുൻനിര ബ്രാൻഡിംഗ് കമ്പനികളിലൊന്നായ സി.എൻ.എം ഗ്ലോബൽ ഇന്നൊവേഷൻ എന്ന സ്വന്തം സ്ഥാപനത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കം മാനേജിംഗ് ഡയറക്ടർ പദവിയിൽ എത്തിച്ചതിന് പിന്നിൽ കഠിനാദ്ധ്വാനമെന്ന നേർരേഖയല്ലാതെ കുറുക്കുവഴികളൊന്നും ഉണ്ടായിരുന്നില്ല.
2006 ഏപ്രിൽ 14 വൈകിട്ട് 4.15ന് പീരുമേട്ടിൽ നിന്ന് കോട്ടയം വഴി എറണാകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിലായിരുന്നു യാത്ര. കേരളത്തിലെ മുൻനിര കമ്പനികളിലൊന്നായ വി-ഗാർഡിൽ ഒരു ജോലി കിട്ടുമെന്നേ അറിയൂ. എന്ത് ജോലിയാണെന്നോ എത്രരൂപ ശമ്പളമുണ്ടെന്നോ യാതൊരു നിശ്ചയവുമില്ല. വി-ഗാർഡിലെ ജീവനക്കാരനായ  ആന്റണിയെന്നയാൾ പീരുമേട്ടിൽ നേരിട്ടുവന്ന് നടത്തിയ റിക്രൂട്ട്മെന്റായിരുന്നു. അപ്രതീക്ഷിതമായി ഒരു ദിവസം രാവിലെ പാമ്പനാറ്റിലെ ചായക്കടയിൽവച്ച് പരിചയപ്പെട്ടതാണ്. അപ്പോൾതന്നെ ഹ്രസ്വമായൊരു ഇന്റർവ്യൂവിന് ശേഷം വൈകിട്ട് പുറപ്പെടണമെന്ന് ആന്റണി പറഞ്ഞു. വീട്ടിലെ കഷ്ടപ്പാടുകൾ പരിഹരിക്കാനും ജീവിതത്തിലെ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുമുള്ള പിടിവള്ളിയായെന്ന് തോന്നിയെങ്കിലും ഒന്നിനും ഒരു വ്യക്തതയുമുണ്ടായിരുന്നില്ല. നല്ലൊരു ഷർട്ടോ, ചെരുപ്പോ, അത്യാവശ്യം വസ്ത്രങ്ങളും മറ്റ് സാധനങ്ങളും കൊണ്ടുപോകാൻ നല്ലൊരു ബാഗോ ഇല്ല. വഴിച്ചെലവിനും ശമ്പളം കിട്ടുന്നതുവരെ പിടിച്ചുനിൽക്കാനും കൈയ്യിൽ പണമില്ല. എന്തായാലും പോയേപറ്റു. വശങ്ങളൊക്കെ കീറിപ്പറിഞ്ഞ ചുവപ്പ് നിറമുള്ളൊരു പഴയ ബാഗ് വീട്ടുലുണ്ടായിരുന്നു. സൂചിയും നൂലുമെടുത്ത് അതിന്റെ കീറലൊക്കെ ഒരുവിധം തുന്നിക്കൂട്ടി. സഹോദരി സന്തോഷത്തോടെ ഊരിക്കൊടുത്ത മൊട്ടുകമ്മൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയംവച്ചു. 
അടുത്ത ബന്ധു സാമും കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ ബാലപാഠങ്ങൾ മുതൽ ഗ്രാഫിക് ഡിസൈനിംഗിലും ഡി.ടി.പിയിലും വരെ കൈതെളിച്ചുവിട്ട പീരുമേട്ടിലെ ഗുരുനാഥനുമായ പ്രേം കുമാറും ചേർന്ന് വൈകിട്ട് ആന്റണിക്കൊപ്പം യാത്രയായി.വീട്ടിൽ സഹോദരിയും മുത്തശ്ശിയുമുണ്ട്. വീട് എന്നൊന്നും പറയാനാവില്ല, തേയിലതോട്ടത്തിലെ പഴയ ലയത്തിൽ പരിമിതമായൊരു വാസസ്ഥലം. തോട്ടം ലോക്ക് ഔട്ട് ആയതുകൊണ്ട് കാലങ്ങളായി അറ്റകുറ്റപ്പണികളൊന്നും നടത്താത്ത ലയം തീരെ സുരക്ഷിതമല്ല. തോട്ടത്തിലെ തൊഴിൽ നഷ്ടപ്പെട്ടതോടെ അമ്മ ലൂർദ്ദ്മേരി എറണാകുളത്ത് ഒരു കോൺവെന്റിൽ അടുക്കളജോലിക്ക് നിൽക്കുകയാണ്. അതിൽ നിന്നുള്ള തുച്ഛമായ വരുമാനത്തിനൊപ്പം ആൽബിന് കമ്പ്യൂട്ടർ സെന്ററിൽനിന്ന് ഡാറ്റ എൻട്രി വർക്കിന് കിട്ടിയിരുന്ന ചെറിയ പ്രതിഫലവും ചേർത്തുവച്ചാണ് കുടുംബം പുലർത്തിയിരുന്നത്. അതുകൊണ്ടുതന്നെ എറണാകുളത്തേക്കുള്ള യാത്രയിൽ ഒപ്പം കരുതിയ ചുവപ്പ് ബാഗിനേക്കാൾ ഭാരം ആൽബിന്റെ മനസിലുണ്ടായിരുന്നു. യാത്രക്കിടെ വി-ഗാർഡ് എന്ന സ്ഥാപനത്തെക്കുറിച്ച് അത്യാവശ്യവിവരങ്ങളൊക്കെ ആന്റണി വിവരിച്ചുകൊണ്ടിരുന്നു. ഒരു കാതിലൂടെ അതുകേൾക്കുമ്പോഴും ആൽബിന്റെ മനസ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായുകയായിരുന്നു. 
ഇന്നലെകളിൽ അനുഭവിച്ച യാതനകൾ, നാളെ കൊയ്തെടുക്കാനുള്ള സ്വപ്നങ്ങൾ അങ്ങനെ പലവഴിയിലൂടെയും ആ കുതിരയങ്ങനെ കുതിച്ചുപാഞ്ഞുകൊണ്ടേയിരുന്നു, പാതയോരത്തെ മരങ്ങളും കെട്ടിടങ്ങളുമൊക്കെ പിന്നിലാക്കി മുന്നോട്ട് മുന്നോട്ട്. കുട്ടിക്കാനം ചുരമിറങ്ങിത്തീർന്നതോടെ പീരുമേട്ടിലെ കോടമഞ്ഞിന്റെ കുളിരുവിട്ട് അന്തരീക്ഷോഷ്മാവ് ക്രമേണ ഉയരുകയാണ്. രാവിലത്തെ കൂടിക്കാഴ്ചയിൽ അറിഞ്ഞതിനപ്പുറമുള്ള വിശേഷങ്ങൾ അറിയാൻ ആന്റണിക്കും കൗതുകമായി.
ചെറുപ്പത്തിൽ പിതാവ് മരണപ്പെട്ടതിന് ശേഷം തോട്ടം തൊഴിലാളിയായ അമ്മയാണ് തന്നെയും അനുജത്തിയേയും വളർത്തിയത്. തോട്ടം ലോക്ക്ഔട്ട് ആയതോടെ എല്ലാവർക്കും തൊഴിൽ നഷ്ടപ്പെട്ടു. പിന്നെ കരിങ്കല്ല് ചുമടും റോഡ് ടാറിങ്ങുമൊക്കെയായി പരിചയമില്ലാത്ത ജോലികൾ ചെയ്യാൻ അമ്മ നിർബന്ധിതയായി. ശരീരം ക്ഷീണിച്ച് എല്ലും തോലുമായി. അമ്മയെ നോക്കി കരയാനല്ലാതെ ജോലിക്ക് പോകേണ്ടെന്ന് പറയാൻ ഞങ്ങൾക്ക് ആകുമായിരുന്നില്ല. ഞങ്ങളെ പഠിപ്പിച്ച് നല്ലനിലയിൽ ആക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, സാഹചര്യങ്ങൾ അനുവദിച്ചില്ല. ഞാൻ കഷ്ടിച്ച് പ്രീഡിഗ്രി പാസായി. അനുജത്തി ബ്രിറ്റി നന്നായി പഠിക്കും അവൾ തിരുവനന്തപുരത്ത് നഴ്സിംഗിന് ചേർന്നു. കമ്പ്യൂട്ടർ ഗ്രാഫിക് ഡിസൈനിംഗ് പഠിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഇലക്ട്രോണിക്സിലും താൽപര്യമുണ്ടായിരുന്നു. പക്ഷേ പണം മുടക്കി പഠിപ്പിക്കാൻ അമ്മയ്ക്ക് നിവൃത്തിയില്ലല്ലോ. അങ്ങനെയിരിക്കെ പീരുമേട്ടിലെ ബ്ലെസിംഗ് കമ്പ്യൂട്ടർ സെന്ററിൽ ഒരു വെക്കേഷൻ ക്ലാസിൽ ചേർന്നു. ഒരു കുട്ടിക്ക് 10 മിനിറ്റാണ് സമയം, മറ്റ് കുട്ടികൾ പോയി കഴിയുമ്പോൾ അദ്ധ്യാപകനോട് അധികസമയം ചോദിച്ചുവാങ്ങി പ്രാക്ടീസ് ചെയ്തു. പെയിന്റ്ബ്രഷ് എന്ന പ്രോഗ്രാമിൽ ചിത്രം വരയ്ക്കാൻ പഠിച്ചു. കമ്പ്യൂട്ടർ വല്ലാത്തൊരു ഭ്രാന്തായിരുന്നു. വീട്ടിലെത്തിയാൽ തെർമോകോൾ കട്ട് ചെയ്ത് കമ്പ്യൂട്ടറിന്റെ മോഡൽ ഉണ്ടാക്കി, പഴയ കാൽക്കുലേറ്റർ അഴിച്ച് കീ ബോർഡ് സെറ്റ് ചെയ്തും കമ്പ്യൂട്ടറുമായുള്ള ബന്ധം ഊട്ടി ഉറപ്പിച്ചു.  ആദ്യമായി കമ്പ്യൂട്ടർ വാങ്ങി നൽകിയത് വി-ഗാർഡിലെ ഷിനോജ് സാറാണ്. പഴയ ഇലക്ട്രോണിക് സാധനങ്ങൾ അഴിച്ചും റീസെറ്റ് ചെയ്തുമൊക്കെ പല പരീക്ഷണങ്ങളും നടത്തി. ചിത്രം വരയ്ക്കാനും ഇഷ്ടമായിരുന്നു. പിന്നീട് സഹോദരിക്ക് നഴ്സിംഗ് പഠനത്തിന് കിട്ടിയിരുന്ന സ്കോളർഷിപ്പ് തുകയിൽ നിന്ന് ഒരുവിഹിതം എടുത്ത് തിരുവനന്തപുരം ആർ.വി.ടി.സിയുടെ ഡി.ടി.പി ഡിപ്ലോമ കോഴ്സിന് ചേർന്ന് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. മൾട്ടിമീഡിയ, ഫോട്ടോഷോപ്പ്, കോറൽഡ്രോയുമൊക്കെ പ്രാക്ടീസ് ചെയ്തു. എങ്ങനെയെങ്കിലും ഒരു ഗ്രാഫിക് ഡിസൈനർ ആകണമെന്നാണ് ആഗ്രഹം. ആൽബിൻ ആത്മകഥയുടെ ആദ്യഭാഗം പറഞ്ഞുനിറുത്തിയപ്പോഴേക്കും ബസ് എറണാകുളത്ത് എത്തി. അന്നുരാത്രി വി-ഗാർഡിന്റെ ഗസ്റ്റ് ഹൗസിൽ താമസിച്ചു. പിറ്റേന്നാണ് യഥാർത്ഥ ഇന്റർവ്യൂ. അതിനുശേഷമേ ജോലിയുടെ സ്വഭാവവും ശമ്പളവുമൊക്കെ അറിയാനാകൂ.
വി- ഗാർഡിലൂടെ ഉയരങ്ങളിലേക്ക്
ഇന്റർവ്യൂ ബോർഡിന് മുമ്പിൽ കഴിവും അഭിരുചിയും പരമാവധി പ്രകടിപ്പിച്ചെങ്കിലും കമ്പനിക്കുവേണ്ടത് അതായിരുന്നില്ല. ഗോഡൗണിലാണ് ജോലി. ഷോറൂമുകളിൽ നിന്ന് ചെറിയ കേടുപാടുകളുമായി തിരിച്ചുവരുന്ന സീലിംഗ് ഫാനുകൾ വേർതിരിക്കണം. 100രൂപയാണ് ദിവസവേതനം. താമസവും ഭക്ഷണവുമെല്ലാം അതിൽനിന്നുകണ്ടെത്തണം. ആദ്യദിവസം തന്നെ ജോലിയിൽ പ്രവേശിച്ചു. സഹപ്രവർത്തകർക്കൊപ്പം ആത്മാർത്ഥമായി പണിയെടുത്തു. ഒരുമാസം കൊണ്ട് ആ തൊഴിലിലും അഗ്രഗണ്യനായി. ഫാൻ കൈയ്യിലെടുത്ത് ലീഫ് കറക്കിനോക്കിയാൽ ശബ്ദവ്യത്യാസം നിരീക്ഷിച്ച് തകരാർ കണ്ടുപിടിക്കാനുള്ള കഴിവ് ആർജിച്ചു. വർഷങ്ങളായി ഗോഡൗണിൽ ജോലിചെയ്യുന്ന തൊഴിലാളികളെയും സൂപ്പർവൈസറേയുമൊക്കെ അമ്പരിപ്പിച്ച ഈ വൈദഗ്ധ്യം ഫലത്തിൽ ആൽബിന് കൂടുതൽ ബാധ്യതയായി. 3 വർഷത്തോളം ഗോഡൗൺ ജോലിയിൽ തന്നെ തുടർന്നു. ക്രമേണ ഗോഡൗൺ ചുമതലയിൽ തനിച്ചായി. ഒരുദിവസം നിരവധി ഫാൻ കൈകാര്യം ചെയ്യേണ്ട സാഹചര്യമുണ്ടായി. കേടുപാടുകൾ കണ്ടെത്തി വേർതിരിക്കൽ കഴിഞ്ഞ്, വെയർഹൗസിലേക്ക് വാഹനത്തിൽ കയറ്റിവിടേണ്ട ഉത്തരവാദിത്തംവരെ അന്ന് തനിച്ച് ചെയ്തു. ഏത് പ്രതിസന്ധിക്കും തന്നെ തോൽപ്പിക്കാനാവില്ലെന്ന് സ്വയം പറഞ്ഞു. ക്രമേണ ഫാനിന്റെ തകരാർ കണ്ടുപിടിക്കുന്നത് സംബന്ധിച്ച് ടെക്നീഷ്യന്മാർക്കും എൻജിനീയർമാർക്കും പരിശീലനം നൽകാനും നിയുക്തനായി. അപ്പോഴും കമ്പ്യൂട്ടറിനോടും ഡിസൈനിങ്ങിനോടുമുള്ള അടങ്ങാത്ത അഭിനിവേശം ആൽബിനെ വിട്ടൊഴിഞ്ഞിരുന്നില്ല. 
ഗോഡൗണിലെ ജോലി തീർന്നാൽ കമ്പ്യൂട്ടർ സെക്ഷനിൽ ചെന്ന് ഡാറ്റ എൻട്രി വർക്കിൽ മറ്റുള്ളവരെ സഹായിക്കും. അതിന് പ്രത്യേക പ്രതിഫലം ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് വി-ഗാർഡ് പുതുതായി ഒരു എക്സോസ്റ്റ് ഫാൻ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ അതിനൊരു പാക്കേജിംഗ് ഡിസൈൻ രൂപകല്പന ചെയ്യാനുള്ള അവസരം ആൽബിനെ തേടിയെത്തി. ഈ അവസരമൊരുക്കിതന്നത് വി-ഗാർഡിലെ ജെയ്മോൻ സാറാണ്. ജെയ്മോൻ സാറിന്റെ നിർബന്ധിത ശ്രമത്താൽ പരമാവധി കഴിവ് വിനിയോഗിച്ച് ഒരു ഡിസൈൻ നിർമ്മിച്ച് നൽകി. എന്നാൽ അതിന്റെ സ്വീകാര്യതയെക്കുറിച്ച് ഒരു മറുപടിയും കിട്ടിയില്ല. പക്ഷേ, ആറ് മാസം കഴിഞ്ഞ് ഗോഡൗണിൽ കണ്ട കാഴ്ച ആൽബിനെ അത്ഭുതപ്പെടുത്തി. ഗോഡൗൺ നിറയെ താൻ ഡിസൈൻ ചെയ്ത ഫാൻ പാക്കേജുകൾ. ജയ്മോൻ സാർ എന്റെ വളർച്ചയിൽ വലിയ പങ്ക് വഹിച്ച വ്യക്തിയാണ്. അതിനുശേഷം കമ്പനിയുടെ അടുത്ത അഞ്ച് വർഷത്തേക്കുള്ള ബിസിനസ് പ്ലാൻ തയ്യാറാക്കിയപ്പോൾ പേജ് ഡിസൈൻ ചെയ്യാൻ അവസരം ലഭിച്ചതോടെ  കൂടുതൽ ബിസിനസ് ഐഡിയാസ് കിട്ടി.  അങ്ങനെ പലകടമ്പകൾ കടന്ന ആൽബിൻ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറച്ചു. അധികം വൈകാതെ കമ്പനിയുടെ ഡിസൈൻ സ്റ്റുഡിയോയിൽ ജൂനിയർ ഡിസൈനർ ആയി പ്രമോഷൻ ലഭിച്ചു. അതോടൊപ്പം വി-ഗാർഡിന്റെ ബിസിനസ് മീറ്റിംഗുകൾ കവർ ചെയ്യുന്ന ഫോട്ടോഗ്രാഫറുടെ ചുമതലയും ആൽബിനായിരുന്നു. അത്  ജീവിതത്തിലെ  മറ്റൊരു വഴിത്തിരിവിനും കാരണമായി. മാനേജിംഗ് ഡയറക്ടർ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി പങ്കെടുക്കുന്ന മീറ്റിങ്ങുകളിൽ അദ്ദേഹത്തിന്റെ വാക്കുകൾ അടുത്തുനിന്ന് കേൾക്കാൻ അവസരം കിട്ടിയതാണ് പിന്നീട് ഒരു സംരംഭകൻ എന്ന നിലയിൽ  തനിക്ക് ഏറ്റവും പ്രചോദനമായതെന്ന് ആൽബിൻ പറഞ്ഞു.
വി-ഗാർഡിലെ ജോലിയിൽ തുടരുമ്പോൾതന്നെ പുറത്തുനിന്നുള്ള ചില ചെറിയ ഡിസൈൻ വർക്കുകൾ ഫ്രീലാൻസ് ആയി ഏറ്റെടുത്തു. അത് മെല്ലമെല്ലെ രണ്ട് ജീവനക്കാരുള്ള ചെറിയ കമ്പനിയായി. ഇതിനിടെ മികച്ച അവസരം ലഭിച്ചപ്പോൾ വി-ഗാർഡ് വിട്ട് ഇൻഫോപാർക്കിൽ മറ്റൊരു മൾട്ടിനാഷണൽ കമ്പനിയായ ഏണസ്റ്റ് & യംഗ്   കമ്പനിയിൽ ഡിസൈനറായി ചേർന്നു.  ഡ്യൂട്ടി സമയത്തിനുശേഷം  പുറത്തുനിന്നുള്ള വർക്കുകൾ ഏറ്റെടുത്ത് സ്വന്തം കമ്പനിയുടെ പ്രവർത്തനവും  മുന്നോട്ടുകൊണ്ടുപൊയ്ക്കൊണ്ടിരുന്നു.അബാദ് ഉൾപ്പെടെ ചില സ്വകാര്യ കമ്പനികളുടെ വമ്പൻ ഓർഡറുകൾ ലഭിച്ചതോടെ ജോലി രാജിവച്ച് സ്വന്തം സംരംഭത്തിൽ ശ്രദ്ധയൂന്നി. അതാണ് സി.എൻ.എം ഗ്ലോബൽ ഇന്നൊവേഷൻ എന്ന കമ്പനി. 15,000 മുതൽ 2ലക്ഷംരൂപവരെ ശമ്പളമുള്ള 45ഓളം ജീവനക്കാർ സംതൃപ്തരായി ജോലി ചെയ്യുന്ന സി.എൻ.എം ഗ്ലോബൽ ഇന്നൊവേഷൻ ഇന്ന് കോടികളുടെ ടേൺ- ഓവറുള്ള ഇന്ത്യയിലെ മുൻനിര ബ്രാൻഡിംഗ് ആൻഡ് ഡിസൈനിംഗ് കമ്പനികളിൽ ഒന്നാണ്. ഒന്നര പതിറ്റാണ്ട് മുമ്പ് ഒരു സായാഹ്നത്തിൽ പീരുമേട്ടിൽ നിന്ന് കെ.എസ്.ആർ.ടി ബസിൽ യാത്രതിരിക്കുമ്പോൾ മനസിലൊളിപ്പിച്ച സ്വപ്നങ്ങൾ ഒന്നൊന്നൊയി സാക്ഷാത്കരിച്ച ആൽബിൻ ചെന്നൈ, ബെംഗളൂരു നഗരങ്ങളിൽ കമ്പനിയുടെ പുതിയ ശാഖ ആരംഭിക്കാനും, നിലവിലുള്ള ജീവനക്കാരുടെ എണ്ണം 100ലേക്ക് ഉയർത്താനുള്ള തയ്യാറെടുപ്പിലാണ്. വി-ഗാർഡിലെ നന്ദഗോപാൽ സാറാണ് സി.ഇ.ഒ പദവിയിലേക്കെത്താൻ പ്രചോദനമായത്.
കല്ലും മുള്ളും നിറഞ്ഞ വഴിത്താരയിലൂടെ
ഗോഡൗണിലെ ഹെൽപ്പർ ജോലിയിൽ നിന്ന് കോടികൾ ടേൺ-ഓവറുള്ള കമ്പനിയുടെ സി.ഇ.ഒയിലേക്കുള്ള പാത അനായാസമായിരുന്നില്ല. കേരളത്തിൽ ഒരു ശരാശരി സംരംഭകനെ കാത്തിരിക്കുന്ന എല്ലാ വെല്ലുവിളികളും അതിജീവിച്ചുതന്നെയാണ് ആൽബിൻ ആ അലയാഴി നീന്തിക്കയറിയത്. ഏറെ വില്ലനായത് സാമ്പത്തിക പ്രതിസന്ധിയാണ്. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയപ്പോൾ മറ്റുള്ളവരുടെ മുമ്പിൽവച്ച് നിഷ്കരുണം അപമാനിച്ച ബാങ്ക് ഉദ്യോഗസ്ഥരുണ്ട്. ബാങ്കുകളുടെ വേട്ടയാടൽ കൂടിയപ്പോൾ ജോലി ഉപേക്ഷിച്ചുപോയ ജീവനക്കാരുമുണ്ട്. വീടിനും ഓഫീസിനും വാടക നൽകാനില്ലാതെ കഷ്ടപ്പെട്ട നാളുകളുണ്ട്. അപ്പോഴൊക്കെ താങ്ങും തണലുമായി കൂടെ നിന്ന കുറേ നല്ല മനുഷ്യരാണ് ആൽബിൻ ആന്റണിയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയത്. ഓഫീസ് വാടകയിൽ ഇളവ് നൽകിയും, സ്വന്തം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കമ്പ്യൂട്ടർ വാങ്ങി നൽകി കൂടെ നിന്നവരെയൊന്നും വിസ്മരിക്കാനാവില്ല. അതിനൊപ്പം രാവും പകലും കഠിനാദ്ധ്വാനം ചെയ്ത് നേടിയതാണ് ഈ വിജയം. ഏത് ജോലിയും കഷ്ടപ്പെട്ട് ചെയ്യാതെ ഇഷ്ടപ്പെട്ട് ചെയ്യണമെന്നതാണ് ആൽബിന്റെ  പ്രത്യയശാസ്ത്രം.
എത്ര ഉയരത്തിൽ എത്തിയാലും പിന്നിട്ട വഴിത്താരകൾ മറക്കാൻ ഇഷ്ടമില്ലാത്ത ആളാണ് ആൽബിൻ. ഒരായുസിൽ അനുഭവിക്കേണ്ട എല്ലാ കഷ്ടപ്പാടുകളും ചെറുപ്രായത്തിൽ അനുഭവിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ തങ്ങൾക്കുവേണ്ടി കഷ്ടപ്പെട്ട മാതാവിന്  ജീവിത സായാഹ്നത്തിൽ എല്ലാ സുഖസൗകര്യങ്ങളുമൊരുക്കി സംരക്ഷിക്കുകയാണ്  ആൽബിൻ.  കോൺവെന്റിലെ അടുക്കള ജോലിക്കിടെ ആമവാതം പിടിപെട്ട മാതാവിന് മെച്ചപ്പെട്ട ചികിത്സനൽകി സംരക്ഷിച്ച്, ഇന്ന് അമ്മ  ആഗ്രഹിക്കുന്നതെന്തും സാധിച്ചുകൊടുക്കുന്നതിലാണ് ഈ മകന് സന്തോഷം. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കൂടിയായ വണ്ടിപ്പെരിയാർ സ്വദേശി മേഴ്സി അനു (അനു) ആണ് ഭാര്യ.
സി.എൻ.എം ഗ്ലോബൽ ഇന്നൊവേഷൻ
അനുദിനം മാറ്റങ്ങൾക്ക് വിധേയമാകുന്ന വിപണിയിൽ ഗൃഹോപകരണങ്ങൾ മുതൽ നിത്യോപയോഗസാധനങ്ങൾവരെ ഡിജിറ്റൽ മാർക്കറ്റിംഗിനും കടുത്ത മത്സരത്തിനും വിധേയമാകുമ്പോൾ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള പൊടിക്കൈകൾ മെനയുകയെന്നതാണ് സി.എൻ.എം ഗ്ലോബൽ ഇന്നൊവേഷന്റെ ദൗത്യം. ബ്രാൻഡിംഗ്, പാക്കേജിംഗ് ഡിസൈൻ, വെബ്സൈറ്റ് ഡെവലപ്മെന്റ് , VFX, ആപ്പ് ഡെവലപ്മെന്റ് , ഡിജിറ്റൽ മാർക്കറ്റിംഗ്, ഗെയിമിംഗ്, കണ്ടെന്റ് മാനേജ്മെന്റ് പോലുള്ള അവശ്യ സേവനങ്ങളാണ് കമ്പനി ഏറ്റെടുക്കുന്നത്. ഏതൊരു ഉൽപ്പന്നത്തെയും ജനപ്രിയമാക്കുന്നതിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് ഇത്തരം സംരഭകർ. ഫ്രാങ്ക്ളിൻ ആന്റോ (ജനറൽ മാനേജർ), സാന്ദ്ര എലിസബത്ത് സാബു (സീനിയർ മാനേജർ-ക്ലൈന്റ് സർവ്വീസ്), അഞ്ജലി വേണുഗോപാൽ (അസിസ്റ്റന്റ് മാനേജർ-സ്റ്റുഡിയോ), ആതിര രാജേന്ദ്രൻ (ബിസിനസ് ഡെവലപ് മെന്റ് ഓഫീസർ), മേഘ ബാബു (ക്രിയേറ്റീവ് ഡയറക്ടർ), കിരൺ ടി.ജെ. (ആർട് ഡയറക്ടർ), പാർവ്വതി ചന്ദ്രകുമാർ (ക്രിയേറ്റീവ് വിഷ്വലൈസർ) എന്നിവരാണ് കമ്പനിയുടെ മുതൽക്കൂട്ട്.
വി-ഗാർഡ്, വി സ്റ്റാർ, എ.വി.ടി നാച്ച്വറൽ, പി.ഡി.എസ് ഓർഗാനിക് സ്പൈസസ്, തെരാഫ, തിരുകൊച്ചി ഗ്രൂപ്പ്, ബേക്ക്മിൽ, കേക്സ് & കേക്സ്  തുടങ്ങി രണ്ട് ഡസനിലേറെ കമ്പനികളുടെ ബ്രാൻഡിംഗ് & ഡിസൈനിംഗ്, മാർക്കറ്റ് പ്രമോഷൻ ജോലികൾ ആൽബിന്റെ സി.എൻ.എം ഗ്ലോബൽ ഇന്നൊവേഷൻ ആണ് കൈകാര്യം ചെയ്യുന്നത്.