hospital

തൃശൂർ: കേരളത്തിൽ ക്ഷയരോഗബാധ കുറവാണെങ്കിലും അണുബാധ വ്യാപനം തടയുന്നതിനായി നൂറുദിന ക്യാമ്പയിനുമായി ആരോഗ്യ വിഭാഗം. ഗ്രാമ - ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ തീവ്രബോധവത്കരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വകുപ്പുകളുമായി ചേർന്ന് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. പ്രധാനമന്ത്രി ടി.ബി മുക്ത് ഭാരത് അഭിയാൻ പദ്ധതി പ്രകാരമാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ജില്ലയിൽ 157 മരണം

കഴിഞ്ഞ വർഷം ജില്ലയിൽ ക്ഷയരോഗം പിടിപെട്ട് 157 പേരാണ് മരിച്ചത്. മുൻ വർഷങ്ങളെക്കാൾ മരണ നിരക്ക് കുറവാണെങ്കിലും മരണം സംഭവിക്കുന്നത് ഗൗരവത്തോടെ കാണണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ക്ഷയരോഗം ബാധിച്ചവരിൽ സ്ത്രീകളേക്കാൾ ഇരട്ടിയോളം പേർ പുരുഷന്മാരാണ്. ശ്വാസകോശ ക്ഷയരോഗവും ശ്വാസകോശേതര ക്ഷയരോഗം എന്നിങ്ങനെയാണ്. കഴിഞ്ഞ വർഷമാത്രം 15 വയസിന് താഴെയുള്ള 54 കുട്ടികളിൽ ക്ഷയരോഗം കണ്ടെത്തിയിരുന്നു. പലരും പരിശോധന നടത്താൻ വിമുഖത കാണിക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.

ജില്ലയിൽ ക്ഷയരോഗം ബാധിച്ചവർ 2157

പുരുഷൻ 1419
സ്ത്രീകൾ 738
കുട്ടികൾ 54


ശ്വാസകോശ ക്ഷയരോഗം 1148
ശ്വാസകോശേതര ക്ഷയരോഗം 738
ക്ഷയരോഗ മരണം 157
നിലവിൽ ജില്ലയിൽ ഉള്ള രോഗികൾ 1908


ക്ഷയരോഗ നിവാരണ പദ്ധതി നൂറുദിന കർമ്മപരിപാടി ജില്ലാതല ഉദ്ഘാടനം ഇന്ന്

തൃശൂർ: ദേശീയ ക്ഷയരോഗ നിവാരണ പദ്ധതി നൂറുദിന കർമ്മപരിപാടി ജില്ലാതല ഉദ്ഘാടനം ഇന്ന് ടൗൺഹാളിൽ നടക്കുമെന്ന് ഡി.എം.ഒ ഡോ. ടി.പി.ശ്രീദേവി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് കേന്ദ്രമന്ത്രി സരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ, ഹാർദിക് മീന, പി.കെ.ഷാജൻ, റെജി ജോയ്, ഡോ. പി.സജീവ് കുമാർ, ഡോ. സതീഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അശോകൻ, ഫാ. റെന്നി മുണ്ടൻകുരിയൻ, ഫാ. ജൂലിയസ് അറയ്ക്കൽ എന്നിവർ പങ്കെടുക്കും. പ്രധാനമന്ത്രി ടി.ബി മുക്ത് ഭാരത് അഭിയാൻ പദ്ധതി പ്രകാരം ടി.ബി മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച തോളൂർ പഞ്ചായത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പിലേക്ക് പോകുന്ന നിക്ഷയ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നടക്കും.