india

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനായി 52 കാലിബർ കെ 9 വജ്ര ടി സെൽഫ് പ്രൊപ്പൽഡ് ട്രാക്ക്ഡ് പീരങ്കി തോക്കുകൾ വാങ്ങുന്നതിനായുള്ള കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പിട്ടു. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാർസൻ ആൻഡ് ടൂബ്രോയുമായാണ് കരാർ. 7,628.70 കോടി രൂപയാണ് കരാർ തുക. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ലാർസൻ ആൻഡ് ടൂബ്രോയിലെ പ്രതിനിധികളും തമ്മിലാണ് കരാർ ഒപ്പിട്ടത്. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗും ചടങ്ങിൽ സാന്നിദ്ധ്യം വഹിച്ചു.

ഇന്ത്യൻ സൈന്യത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന കെ 9 വജ്ര ഏറ്റവും കൃത്യതയോടെ ലക്ഷ്യ സ്ഥാനം കൈവരിക്കാൻ സഹായിക്കും. ഉയരത്തിലുള്ള പ്രദേശങ്ങളിൽ പൂജ്യത്തിന് താഴെയുള്ള താപനിലയിൽ അതിന്റെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാൻ ഇതിന് കഴിയുമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽ എ സി) കരസേനയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി നൂറ് കെ 9 വജ്ര സെൽഫ് പ്രൊപ്പൽഡ് പീരങ്കി തോക്കുകൾ വാങ്ങുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. നിലവിൽ ഇത്തരത്തിലുള്ള നൂറോളം പീരങ്കി തോക്കുകൾ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാണ്. ഇവയിൽ കൂടുതലും ലഡാക്ക് മേഖലകളിലാണ് ഉപയോഗപ്പെടുത്തുന്നത്.