d

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കേജ്‌രിവാളിന് വീണ്ടും തിരിച്ചടി. മദ്യനയക്കേസിൽ കേജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന ഇ.ഡിക്ക് അനുമതി നൽകി.

കേജ്‌രിവാളിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ചുമത്തി കേസെടുത്തിരുന്നുവെങ്കിലും വിചാരണ ആരംഭിച്ചിരുന്നില്ല. കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ സർക്കാർ തസ്തിക വഹിക്കുന്ന വ്യക്തികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഡിസംബർ അഞ്ചിന് ചീഫ് സെക്രട്ടറിക്ക് ഇ.ഡി കത്തയച്ചിരുന്നു.

മുഖ്യമന്ത്രിയായിരുന്നപ്പോൾ മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. സെപ്തംബറിൽ ജാമ്യത്തിലിറങ്ങിയ കേജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 2025 ലെ സംസ്ഥാന തിരഞ്ഞെടുപ്പിലെ അനുകൂല ജനവിധിക്ക് ശേഷം മുഖ്യമന്ത്രി പദത്തിൽ തിരിച്ചെത്തുമെന്നാണ് കേജ്‌രിവാളിന്റെ പ്രഖ്യാപനം.

മദ്യ അഴിമതിയിൽ കേജ്‌രിവാൾ കമ്മിഷൻ വാങ്ങിയെന്ന ആരോപണം അന്വേഷണം പുരോഗമിക്കുമ്പോൾ വ്യക്തമാകും. അദ്ദേഹം ഡൽഹിയെ കൊള്ളയടിച്ചു. കോടിക്കണക്കിന് രൂപ കൊള്ളയടിച്ചു, അന്വേഷണം ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

- വീരേന്ദ്ര സച്ച്‌ദേവ, ഡൽഹി

ബി.ജെ.പി അദ്ധ്യക്ഷൻ

മറ്റ് പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളെ വ്യതിചലിപ്പിക്കാൻ ബി.ജെ.പി പുതിയ വാർത്തകൾ പ്രചരിപ്പിക്കുന്നു. അനുമതിയുടെ പകർപ്പ് ഇ.ഡി പുറത്തുവിടണം. ബി.ജെ.പി, ഗൂഢാലോചനകൾ അവസാനിപ്പിക്കൂ. സത്യം പുറത്തുകൊണ്ടുവരട്ടെ.

-അതിഷി

ഡൽഹി മുഖ്യമന്ത്രി

ആഭ്യന്തര മന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശ വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്.

-മനീഷ് സിസോദിയ

ആംആദ്മി പാർട്ടി